പത്തനാപുരം: വർഷങ്ങൾക്കുമുമ്പ് സംസ്ഥാന കായികവകുപ്പിന്റെ മേൽനോട്ടത്തിൽ കിഴക്കൻമേഖലയിലെ വിദ്യാലയങ്ങളിലേക്ക് അനുവദിച്ച മൾട്ടിപർപ്പസ് കളിസ്ഥലങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു. തലവൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂള്‍, വെട്ടിക്കവല ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂൾ എന്നിവർക്കാണ് കളിസ്ഥലങ്ങൾ അനുവദിച്ചത്.
കെ.ബി. ഗണേഷ് കുമാർ കായികമന്ത്രിയായിരുന്ന കാലത്താണ് ഇവ അനുവദിച്ചുനൽകിയത്. എന്നാൽ നിലവിൽ കളിസ്ഥലങ്ങൾ ഒന്നുംതന്നെ ഉപയോഗയോഗ്യമല്ല. പത്തോളം കളികൾക്ക് ഉപയോഗപ്പെടുത്താവുന്ന പ്രത്യേകം കോർട്ടുകളാണ് സജ്ജമാക്കിയിരുന്നത്.
വിവിധ കളികൾക്കാവശ്യമായ ഉപകരണങ്ങൾ സജ്ജമാക്കുകയും പ്രത്യേകം കോർട്ടുകൾ വരച്ചിടുകയും ചെയ്തിരുന്നു. കായികപരിശീലനത്തിലും മത്സരങ്ങൾക്കുമായി ഗാലറികളും വൈദ്യുതിസംവിധാനവും ഒരുക്കിയിരുന്നു.
വിദ്യാലയത്തിലെ കുട്ടികളുടെ പരിശീലനത്തിന് പുറമെ യുവജന സംഘടനകൾക്കും ക്ലബുകൾക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് കളിസ്ഥലങ്ങൾ ഒരുക്കിയത്. എന്നാൽ കൃത്യമായ സംരക്ഷണം ഇല്ലാത്തതിനാൽ ഉപകരണങ്ങളെല്ലാം പൂർണമായും നശിച്ചു. ഗാലറിയിലെ ഇരിപ്പിടങ്ങൾ കാടുകയറി.
ചുറ്റുമുണ്ടായിരുന്ന സംരക്ഷണവേലി കാലപ്പഴക്കത്താൽ നശിച്ചു. വൈദ്യുതി ബിൽ കുടിശ്ശിക ആയതോടെ വൈദ്യുതിബന്ധം വകുപ്പ് വിച്ഛേദിച്ചു. വെട്ടിക്കവല, തലവൂർ സ്കൂളുകളിലേക്ക് അനുവദിച്ച കളിസ്ഥലങ്ങൾ പൂർണമായും കാടുകയറി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.