പത്തനാപുരം: പൂച്ചയെയും നായയെയും തത്തയെയും അരുമജീവികളായി വളര്‍ത്താറുണ്ടെങ്കിലും കാക്കയെ ഓമനിക്കുന്നത് എങ്ങും കാണാറില്ല. എന്നാൽ, ഒരു കാക്ക വീട്ടിലെ അംഗമായി മാറിയ അപൂർവ കാഴ്ച കാണണമെങ്കിൽ പത്തനാപുരത്ത് എത്തണം.
കുണ്ടയം ആലുവിള ദൗന മന്‍സിലില്‍ ജെറീനയുടെ വീട്ടിലാണ് ഏറെ നാളുകളായി കാക്കയെ വളര്‍ത്തുന്നത്. പറമുറ്റാത്ത പ്രയത്തിൽ വീടിന് സമീപത്തെ മരത്തില്‍നിന്ന് വീണതാണ് കാക്ക.
തുടർന്ന് വീട്ടുകാര്‍ ഭക്ഷണവും ശുശ്രൂഷയും നല്കി. ക്രമേണ വീട്ടിലെ ഒരു അംഗത്തെപോലെയായി മാറി. ഇതിനിടെ വീഴ്ചയില്‍ കണ്ണിന് പരിക്കേറ്റതോടെ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. പുനലൂര്‍ വെഞ്ചേമ്പ് ആശുപത്രിയില്‍ എത്തിച്ച് കണ്ണിന് ശസ്ത്രക്രിയയും നടത്തി. സ്വന്തമായി ആഹാരം തേടാൻ ബുദ്ധിമുട്ട് ഉള്ളതിനാല്‍ വീട്ടുകാരാണ് ആഹാരംനല്കുന്നത്.
തണ്ണിമത്തനാണ് പ്രിയപ്പെട്ട ആഹാരം. ഇടക്ക് രണ്ട് ദിവസം കാണാതായെങ്കിലും പിന്നീട് തിരികെയെത്തി. നിലവില്‍ രണ്ട് പൂച്ചകളും ഇവിടെയുണ്ട്. പൂച്ചയും കാക്കയും സാധാരണ ‘ശത്രുക്കൾ’ ആണെങ്കിൽ ഇവിടെ അക്കാര്യവും നേരെ തിരിച്ചാണ്. ഈ മൂവര്‍ സംഘം നല്ല സുഹൃത്തുക്കളാണ്.
വീട്ടുകാരുടെ തോളിലിരുന്നാണ് മിക്കപ്പോഴും കാക്കയുടെ യാത്രകള്‍. വിളിച്ചാല്‍ പ്രത്യേകശബ്ദം മുഴക്കി ‘വിളികേൾക്കാ’റുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.
ആരോഗ്യവകുപ്പിലെ ജീവനക്കാരിയായ ജെറീനയും ഭര്‍ത്താവ് നവാസും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഓമനപക്ഷിയായി മാറിയിരിക്കുകയാണ് കാക്കയും. മക്കള്‍ക്കൊപ്പമുള്ള റീല്‍സുകളിലെ താരം കൂടിയാണ് ഈ കാക്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.