പത്തനാപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ ചിതൽവെട്ടി വാർഡിൽനിന്ന് ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.പി. രാജുവിന് ഒരു അപരൻ ഉണ്ട്. പേര് കെ.പി. ബിജു. പേരിൽ മാത്രമല്ല സാദൃശ്യം. ഒറ്റനോട്ടത്തിൽ ബന്ധുക്കൾക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത രൂപസാദൃശ്യവും ഉണ്ട് ഇവർ തമ്മിൽ.
ഈ രൂപസാദൃശ്യവും ആയി തെരഞ്ഞെടുപ്പിന് ജനവിധി തേടാനൊന്നും ബിജുവിനെ കിട്ടില്ല. കാരണം രാജുവിനുവേണ്ടി ബിജുവാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രാജുവിെൻറ ഇരട്ട സഹോദരനാണ് ബിജു. ചിതൽവെട്ടി വാര്‍ഡില്‍ നിന്ന് സി.പി.ഐ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.പി. രാജുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് സി.പി.ഐ മാങ്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ കെ.പി. ബിജുവാണ്.
കഴിഞ്ഞതവണ മാങ്കോട് വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇത്തവണ കെ.പി. രാജു വീണ്ടും മത്സരരംഗത്ത് എത്തുന്നത്. പഞ്ചായത്തില്‍ സി.പി.ഐയെ രാജു പിന്തുണച്ചു.
പത്തനാപുരം മാങ്കോട് കിഴക്കേക്കര പുത്തന്‍വീട്ടില്‍ ജി. പ്രഭാകരന് നായര്‍-പൊന്നമ്മ പ്രഭാകരന് ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നാമേത്തതാണ് ഇരട്ടസഹോദരങ്ങള്‍. നിരവധി വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാണ് ഇരുവരും. ഇത്തവണ ജ്യേഷ്ഠൻ അങ്കത്തട്ടിൽ പോരിനിറങ്ങുേമ്പാള് അനുജനാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
പത്തനാപുരം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയാണ് കെ.പി. ബിജു. ഒ.എന്‍. ജമാലാണ് വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാർഥി. എസ്.ഡി.പി.ഐക്കുവേണ്ടി എസ്.ശിഹാബാണ് മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.