കുന്നത്തൂർ: വണ്ടിപ്പെരിയാർ-ഭരണിക്കാവ് ദേശീയപാതയിൽ കുന്നത്തൂർ പഞ്ചായത്തിലെ ഏഴാംമൈൽ ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന പെരുവിഞ്ച ശിവഗിരി ഗവ.എൽ.പി സ്കൂളിൽ കാലപ്പഴക്കത്താൽ തകർന്ന കെട്ടിടം പൊളിച്ചുമാറ്റാത്തത് അപകട ഭീഷണിയാകുന്നു. നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ക്ലാസ് മുറികളുടെ മധ്യഭാഗത്താണ് തകർച്ച നേരിടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ദുരന്ത ഭീഷണി ഉയർത്തുന്ന കെട്ടിടം പൊളിച്ചുമാറ്റാൻ സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റിനും വിദ്യാഭ്യാസ വകുപ്പിനും നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ല. കാലവർഷം ശക്തിയാർജിച്ചതോടെ ഏത് നിമിഷവും കെട്ടിടം നിലംപൊത്താവുന്ന അവസ്ഥയിലാണ്. മുമ്പ് സ്കൂളിലെ ഓഫിസും ക്ലാസ് മുറികളും പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്.
ഇപ്പോൾ ഇവിടെ പ്രവർത്തനമില്ലെങ്കിലും കുട്ടികൾ ഇതിന് സമീപത്തേക്ക് പോകാറുണ്ട്. 1942ൽ നിർമിച്ച കെട്ടിടം 2021ൽ അൺഫിറ്റാണെന്ന് അധികൃതർതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 80 വർഷം പഴക്കമുള്ള കെട്ടിടം വർഷങ്ങളായി ചോർന്നൊലിക്കുകയും കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നുവീഴുകയും ചെയ്തുകൊണ്ടിരിക്കയാണ്.
സ്കൂളിനോട് ചേർന്ന് നിൽക്കുന്ന വൃക്ഷത്തിന്റെ അപകടകരമായ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിതും നടപടിയില്ല. നടപടിയെടുക്കാൻ അധികൃതർ ദുരന്തത്തെ കാത്തിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.