കൊല്ലം: പൊലീസിന് നിയമപാലനത്തിൽ മാത്രമല്ല കഥയെഴുത്തിലുമുണ്ട് മിടുക്ക്. പൊലീസുകാരുടെ കഥകൾ അച്ചടിമഷി പുരണ്ട് വായനക്കാരിലേക്ക് എത്തുകയാണ്. ഒരുപക്ഷേ, പൊലീസ് ചരിത്രത്തിൽ ആദ്യമായാകാം ചെറുകഥകളുടെ സമാഹാരം പുറത്തിറങ്ങുന്നത്. 'സല്യൂട്ട്' എന്നുപേരിട്ട സമാഹാരത്തില്‍ സി.പി.ഒ മുതല്‍ എ.ഡി.ജി.പി വരെയുള്ളവരുടെ രചനകളുണ്ട്.
എ.ഡി.ജി.പി ഡോ. ബി. സന്ധ്യയാണ് എഡിറ്റര്‍. അവരുടെയും ഒരു കഥയുണ്ട്. പൊലീസുകാരുടെ അനുഭവങ്ങളും ഭാവനയും ചിന്തകളും ഇഴപിരിഞ്ഞുരൂപപ്പെട്ടവയാണ് കഥകളൊക്കെയും. അച്ചടി ജോലി പുരോഗമിക്കുന്ന പുസ്തകം ഒക്ടോബർ ആദ്യ ആഴ്ചയോടെ പുറത്തിറങ്ങും. കണ്ണൂര്‍ ജി.വി ബുക്സാണ് പ്രസാധകര്.
പൊലീസുകാരില്‍ നിരീക്ഷണപാടവം വളരെ കൂടുതലായിരിക്കുമെന്നും സര്‍ഗപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്നും ബി. സന്ധ്യ പറഞ്ഞു. ഒരുവര്‍ഷം മുമ്പ് ബി. സന്ധ്യ രൂപപ്പെടുത്തിയ ആശയം കോവിഡ് കാരണങ്ങളാല്‍ വൈകി. കഴിഞ്ഞ വര്‍ഷം കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. 56 കഥകളാണ് ലഭിച്ചത്. ഇതിൽനിന്ന് 20 കഥകളാണ് തെരഞ്ഞെടുത്തത്.
കൊല്ലം ജില്ലക്കാരായ രണ്ടുപേരുടെ സൃഷ്്ടികൾ ഇതിൽ ചേർത്തിട്ടുണ്ട്. പത്തനംതിട്ട ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ എ.എസ്.ഐ സജീവ് മണക്കാട്ടുപുഴ, അടൂര്‍ കെ.എ.പി മൂന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ മിഥുന് എസ്. ശശി എന്നിവരുടെ രചനകളാണ് ഉള്‍പ്പെട്ടത്. പത്തനാപുരം മാേങ്കാട് വണ്ടിപ്പുരയിൽ വീട്ടിൽ സജീവ് മണക്കാട്ടുപുഴ 1998ലാണ് സേനയിൽ പ്രവേശിക്കുന്നത്. എം.എ ഇംഗ്ലീഷ് ബിരുദദാരിയും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയുമെടുത്തിട്ടുണ്ട്.
'മാധ്യമം' പത്രത്തിൽ പരിശീലനവും നേടി. നിരവധി ശാസ്ത്രക്കുറിപ്പുകളും അഭിമുഖങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ല പൊലീസ് കലാമേളയില്‍ സമ്മാനാര്‍ഹനാക്കിയ 'പെയ്തൊഴിയാത്ത കാലം' കഥയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. അടൂര്‍ കെ.എ.പിയിലെ മിഥുന് ഡെപ്യൂട്ടേഷനില്‍ നിയമസഭ ഡ്യൂട്ടിയിലാണ്. വാളകം മരങ്ങാട്ടുകോണം പുലരി വീട്ടിൽ മിഥുൻ സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. 2012 മുതൽ സർവിസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.