പുനലൂർ: തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്ണോളം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. പൂപ്പൽ ബാധിച്ചതും അഴുകിയതുമായ മത്സ്യം മാരകമായ രാസവസ്തുക്കൾ കലർത്തിയാണ് കടത്തിക്കൊണ്ടുവന്നത്. 'ഓപറേഷൻ മത്സ്യ'യുടെ ഭാഗമായി വെള്ളിയാഴ്ച രാത്രിയിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് 10750 കിലോയോളം മത്സ്യം കണ്ടെത്തിയത്. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത ചൂര മത്സ്യമാണ് പിടികൂടിയതിൽ അധികവും. ഇതിന് കുറഞ്ഞത് 16 ലക്ഷം രൂപയെങ്കിലും വില കണക്കാക്കുന്നു. മത്സ്യങ്ങളുടെ ചെകിളയിലടക്കം രാസവസ്തുക്കളുടെ സാന്നിധ്യം കാരണം രക്തമെന്ന് തോന്നിക്കുന്ന വിധം ചുമന്ന ദ്രാവകം ഒലിച്ചിറങ്ങുന്ന നിലയിലായിരുന്നു മത്സ്യം. മാരകമായ രോഗങ്ങൾക്ക് കാരണമാകുന്ന തരത്തിലുള്ള രാസവസ്തുക്കൾ കലർത്തിയെന്നാണ് സംശയം. ഇതിന്‍റെ സാമ്പ്ൾ കൂടുതൽ പരിശോധനക്കായി അധികൃതർ ശേഖരിച്ചു.
തമിഴ്നാട്ടിലെ കടലൂരിൽ നിന്ന് കരുനാഗപ്പള്ളി, ആലംകോട് എന്നിവിടങ്ങളിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്ന മത്സ്യമാണിത്. കഴിഞ്ഞ രാത്രി 11ഓടെ ആരംഭിച്ച പരിശോധന ശനിയാഴ്ച പുലർച്ച വരെ നീണ്ടു. പിടിച്ചെടുത്ത മത്സ്യം ആര്യങ്കാവ് പഞ്ചായത്തിന്‍റെ സഹായത്തോടെ ശനിയാഴ്ച ൈവകീട്ടോടെ നശിപ്പിച്ചു. തകരപ്പുര ഭാഗത്ത് വലിയ കുഴിയിൽ മത്സ്യമിട്ട് മണ്ണിട്ട് മൂടുകയായിരുന്നു. മത്സ്യം കടത്തി വന്ന വാഹനങ്ങളുടെ ആർ.സി ഉടമകൾക്കെതിരെ കേസെടുത്തു. വാഹനങ്ങൾക്ക് പിഴയിട്ട് തെന്മല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇനിയുള്ള ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.
പരിശോധന ഇല്ലാത്തതിനാൽ ആര്യങ്കാവ് വഴി വൻതോതിൽ ഭക്ഷ്യസാധനങ്ങൾ കടത്തുന്നതായി കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ചാത്തന്നൂർ, കൊട്ടാരക്കര, പത്തനാപുരം സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫിസർമാരായ സുജിത് പെരേര, ലക്ഷ്മി വി. നായർ, എസ്. നിഷാറാണി, ഫിഷറീസ് ഓഫിസർ യു. ഷാൻ, ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.