പുനലൂർ: നിരവധി മോഷണ കേസുകളിലെ പ്രതി പുനലൂരിൽ ബൈക്ക് ഉൾപ്പെടെ മോഷണത്തിന് പിടിയിലായി. കൽപറ്റ കോട്ടത്തറ തൊമ്മൻ വളപ്പിൽ വീട്ടിൽ ഹംസ (43)യെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാര്യറ വള്ളക്കടവ് മുസ്ലിം പള്ളി ഉസ്താദ് ആരംപുന്ന റിയാസ് മൻസിലിൽ മിദിലാജിന്റെ ബൈക്ക്, ചെമ്മന്തൂരിലെ ചില കടകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ഒമ്പതിന് പകൽ പുനലൂർ ചൗക്ക റോഡിലെ കുറ്റിക്കാട് ജുമ മസ്ജിദ് സമീപം റോഡരികിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. ബൈക്ക് ഇവിടെ വെച്ചിട്ട് കൊല്ലത്ത് പോയതായിരുന്നു മിദിലാജ്. പള്ളിയിലെ സി.സി.ടി.വി ദൃശ്യത്തിൽ അജ്ഞാതൻ ബൈക്ക് കൊണ്ട് പോകുന്നത് കണ്ടു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ചെമ്മന്തൂർ ഭാഗത്ത് ചില കടകളിലും ചെറിയ തോതിൽ മോഷണം നടന്നിരുന്നു. ഇവിടെനിന്നും ലഭിച്ച കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ട്രാഫിക് കൺട്രോൾ റൂം എസ്.ഐ റോയിയും സംഘവുമാണ് പ്രതിയെ ടൗണിൽ നിന്നും പിടികൂടിയത്. ഇയാളിൽ നിന്നും 10,510 രൂപയും കണ്ടെടുത്തു.
മോഷ്ടിച്ച ബൈക്ക് ചെങ്കോട്ടയിലുണ്ടെന്ന് പ്രതി പറഞ്ഞെങ്കിലും അവിടെ കണ്ടെത്തിയില്ല. വടക്കൻ ജില്ലകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 30 ഓളം മോഷണ കേസുകൾ ഉണ്ടെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.