ടാർപോളിനു കീഴിൽ 'അഭയം തേടി 'പൊലീസ് സ്​റ്റേഷൻ

പുനലൂർ: മൂക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള അച്ചൻകോവിൽ പൊലിസ് സ്​റ്റേഷൻ കെട്ടിടത്തിന് മഴവെള്ളത്തിൽ നിന്നും താൽക്കാലിക സുരക്ഷ‍യായി ടാർപോളിൻ മേൽക്കൂര. രണ്ടു വർഷംമുമ്പ് തുടങ്ങിയ പുതിയ കെട്ടിട നിർമാണം വൈകുന്നത് സ്​റ്റേഷൻ പ്രവർത്തനത്തെ കുഴക്കുകയാണ്​. അടിസ്ഥാന സൗകര്യമേതുമില്ലാതെ പ്രവർത്തിക്കുന്ന സ്​റ്റേഷനിൽ സേനാംഗങ്ങൾ അനുഭവിക്കുന്ന ദുരിതവുമേറെ.

വനമധ്യേയുള്ള അച്ചൻകോവിലിൽ 1954 ൽ പൊലീസ് ഔട്ട് പോസ്​റ്റ് ആരംഭിച്ച കാലത്താണ്​ അന്നത്തെ സൗകര്യത്തിനുള്ള ചെറിയ ഓടിട്ട കെട്ടിടം നിർമിച്ചത്. ഉയരമില്ലാത്ത മേൽക്കൂരയോടുള്ള കെട്ടിടത്തിൽ ഇടുങ്ങിയ മുറികളടക്കം അസൗകര്യങ്ങളേയുള്ളൂ. മൂന്നുവർഷം മുമ്പ് ഔട്ട് സ്​റ്റേഷൻ പൊലീസ് സ്​റ്റേഷനാക്കി സേനാംഗങ്ങളുടെ എണ്ണവും വർധിപ്പിച്ചു. നിലവിലുള്ള കെട്ടിടം അന്ന് താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് സ്​റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. പുതിയ കെട്ടിടം പ്രതീക്ഷിച്ച് പഴയ കെട്ടിടത്തിന് വേണ്ടത്ര അറ്റകുറ്റപ്പണി നടത്തിയതുമില്ല. ഇതുകാരണം ചെറിയ മഴയായാൽപോലും കെട്ടിടം ചോർന്നൊലിക്കുന്നതിനാൽ പൊലീസുകാർ പിരിവെടുത്ത് ടാർപോളിൻ വാങ്ങി മേൽക്കൂരയിൽ വിരിച്ചു. എന്നിരുന്നാലും വലിയ കാറ്റോ മഴയോ ഉള്ളപ്പോൾ ചോർച്ചക്ക് കുറവില്ല.

ഇതുകാരണം ഫയലുകളടക്കം സൂക്ഷിക്കുന്നതിന് വളരെ പ്രയാസപ്പെടുന്ന സ്ഥിതിയാണ്​. സ്​റ്റേഷന് പുതിയ കെട്ടിടം നിർമിക്കാനായി ഒരു കോടി രൂപ അനുവദിച്ച് രണ്ടു വർഷം മുമ്പ് പണികൾ ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായില്ല. കോവിഡ് നിയന്ത്രണങ്ങളക്കം വന്നതോടെ നിർമാണം നീളുകയായിരുന്നു. രണ്ടു നിലകളുള്ള സ്​റ്റേഷൻ കെട്ടിടത്തി​െ​ൻറ ഘടനപൂർത്തിയായെങ്കിലും സെൽ, വയറിങ്, പ്ലമ്പിങ് അടക്കം പ്രധാന ജോലികൾ ശേഷിക്കുന്നു. ഇതിനായി 30 ലക്ഷം രൂപ അടുത്തിടെ അനുവദിച്ചു. ഇവ കൂടി പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് സ്​റ്റേഷൻ മാറ്റാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരും. അതേസമയം, ഇതിനു ശേഷം അച്ചൻകോവിലിൽ നിർമാണം തുടങ്ങിയ പി.എച്ച്.സിയുടെ കെട്ടിടം അടുത്തുതന്നെ ഉദ്ഘാടനത്തിന് തയാറാകുകയാണ്.


Tags:    
News Summary - Achankovil police station in bad condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.