പുനലൂർ: നഗരസഭയിലെ മണിയാര്‍ വാര്‍ഡില്‍ സ്വകാര്യ കെട്ടിടത്തിൽ സ്ഥാപിച്ച ആരോഗ്യകേന്ദ്രത്തിന് വാടകയിനത്തിൽ അധികമായി നൽകിയ തുക തിരികെ ഇൗടാക്കാൻ ഉത്തരവ്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സെപ്റ്റംബറിൽ ചേർന്ന അദാലത്തിലാണ് തീരുമാനം. നഗരസഭ കെട്ടിടം ഒഴിവാക്കിയതും അധികവാടക സംബന്ധിച്ചുമുള്ള പ്രതിപക്ഷ ആരോപണത്തിൽ അധികൃതർ അന്വേഷണം നടത്തിയിരുന്നു.
ഇവിടെയുള്ള നഗരസഭ വക കെട്ടിടം അവഗണിച്ച് സ്ഥിരംസമിതി അധ്യക്ഷന്‍ കൂടിയായ കൗണ്‍സിലര്‍ തന്റെ ബന്ധുവിന്റെ കെട്ടിടം സര്ക്കാര്നിരക്കില്നിന്ന് കൂടിയ തുകക്ക് വാടകക്ക് എടുത്തെന്നാണ് പരാതി. ഇതിനായി കൗൺസിൽ മിനിറ്റ്സ് ബുക്കില്‍ ക്രമക്കേട് കാട്ടി എന്ന് ആരോപിച്ച് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജി. ജയപ്രകാശ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെതുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് അന്വേഷണത്തിന് നിർദേശം നൽകി. അന്വേഷണത്തിന്റെ ഭാഗമായി ജില്ല ജോയൻറ് ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖകളും സ്ഥലവും പരിശോധിച്ച് വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അദാലത്തിൽ പരിശോധിച്ചു. തുടർന്ന് നഗരസഭയിൽനിന്ന് കെട്ടിട ഉടമക്ക് നൽകിയ അധികം തുക തിരികെ ഈടാക്കുന്നതിന് അദാലത്ത് തീരുമാനിക്കുകയായിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.