പുനലൂർ: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ അലിമുക്ക്-അച്ചൻകോവിൽ കാനനപാതയിലൂടെയുള്ള അയ്യപ്പന്മാരുടെ യാത്ര ദുരിതമാകും. 37 കിലോമീറ്റർ ദൂരം വരുന്ന ഈ പാത കൂടുതലും വനത്തിലൂടെയും ശേഷിക്കുന്നത് റബർ എസ്റ്റേറ്റുകളിലൂടേയുമാണ് കടന്നുപോകുന്നത്. മിക്കയിടത്തും ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയേയുള്ളൂ. പാതയുടെ മിക്കയിടവും ടാർ ഇളകി കുണ്ടും കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ട അവസ്ഥയിലാണ്. ഇരുവശവും വനമായതിനാൽ മുൾചെടികളും വള്ളിപടർപ്പുകളും പാതയിലേക്ക് ചാഞ്ഞ് കിടക്കുന്നതും ഭീഷണിയാണ്.
പാതയിൽ ഭൂരിഭാഗം ദൂരവും വനംവകുപ്പിന്റെ ചുമതലയിലുള്ളതാണ്. അടുത്തകാലത്തൊന്നും ഈപാതയിലെ കുഴിയടക്കാനോ വശങ്ങളിലെ കാട് നീക്കം ചെയ്യാനോ നടപടിയുണ്ടായില്ല. പലയിടത്തും കലുങ്കുകളും വശങ്ങളും തകർന്നിട്ടുണ്ട്. ഓടയില്ലാത്തത് കാരണം മഴവെള്ളം ഉൾപ്പെടെ പാതയിൽ കെട്ടിനിൽക്കുന്നതാണ് പെട്ടന്ന് തകരാൻ കാരണം. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളും ഈ കാട്ടിലുണ്ട്. പാതയോട് ചേർന്ന് കാടുമൂടി കിടക്കുന്നതിനാൽ ആനയും മറ്റും വശങ്ങളിൽ ഇറങ്ങി നിന്നാലും യാത്രക്കാർക്ക് കാണാൻ കഴിയില്ല. പലടയിടത്തും മുളകളും മറ്റു മരങ്ങളും റോഡിലേക്ക് ഒടിഞ്ഞുകിടക്കുന്നതും ഭീഷണിയാണ്. കോടമല ഭാഗത്ത് അച്ചൻകോവിൽ ആറ്റിനോട് ചേർന്ന ഭാഗം വശം തകർന്നിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസ് അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. സീസൺ ആരംഭിക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് നിരവധി തീർഥാടകർ വാഹനത്തിലും കാൽനടയായും ഇതുവഴി എത്താറുണ്ട്. പാതയിലെ കുഴിയടക്കാനും വശങ്ങളിലെ കാട് തെളിക്കാനും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ യാത്ര ദുഷ്കരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.