പുനലൂർ: കിഴക്കൻ മലയോരത്തെ ആദിവാസികളുടെ ജീവിതോന്നമനം ലക്ഷ്യമാക്കി സ്ഥാപിതമായ ആര്യങ്കാവ് പട്ടികവർഗ സൊസൈറ്റി പ്രവർത്തനം നിലച്ചിട്ട് ഒരു വർഷം. സൊസൈറ്റി പൂട്ടിയതോടെ മലഞ്ചരക്ക് ഉൾപ്പെടെ സാധനങ്ങൾ ശേഖരിച്ച് ചൂഷണമില്ലാതെ വിൽപന നടത്തിയിരുന്ന ആദിവാസികൾ ബുദ്ധിമുട്ടിലായി. കൂടാതെ അത്യാവശ്യഘട്ടങ്ങളിൽ വായ്പയെടുക്കുന്നതും നിലച്ചു.
1989ൽ രജിസ്റ്റർ ചെയ്തസൊസൈറ്റി ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ ഒഴികെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ആദിവാസികൾ വനത്തിൽനിന്ന് ശേഖരിക്കുന്ന മലഞ്ചരക്കുകളുടെ സുതാര്യമായ വിൽപനയും ഇവർക്ക് ആവശ്യമായ വായ്പകളും വിതരണം ചെയ്യലുമായിരുന്നു ഉദ്ദേശം. ജില്ലയിലെ പ്രധാന ആദിവാസി ഊരായ ആര്യങ്കാവ് പട്ടികവർഗ നഗർ കേന്ദ്രീകരിച്ച് കെട്ടിടമടക്കമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ആദിവാസികൾ വനത്തിൽ നിന്ന് കൊണ്ടുവന്നുനൽകുന്ന മലഞ്ചരക്കുകൾ ന്യായവിലക്ക് വാങ്ങുന്നതിനൊപ്പം ഇത് നേരിയ ലാഭത്തിന് പുറത്ത് വിൽക്കുന്നതിലൂടെയാണ് സൊസൈറ്റിയുടെ പ്രധാന വരുമാന മാർഗ്ഗം. കൂടാതെ സർക്കാറിന്റെ വിവിധ ഗ്രാൻറുകളും ലഭിച്ചിരുന്നു.
തേൻ, കുന്തിരിക്കം ഉൾപ്പടെ വനവിഭവങ്ങളുടെ ചില്ലറ വിൽപന കുടാതെ ചൂരൽ ഫർണിച്ചറുകളും ഉണ്ടാക്കി വിൽപന നടത്തിയിരുന്നു. സാധനങ്ങൾ എത്തിച്ചുനൽകാമെന്ന് പറഞ്ഞ് അംഗങ്ങളായുള്ള ചിലർ കൈപ്പറ്റിയ മുൻകൂർ പണത്തിന് സാധനങ്ങൾ എത്തിച്ചു നൽകാത്തതും വാങ്ങിയ തുക തിരിച്ചടക്കാത്തതും കാരണം ഇടക്കാലത്ത് സൊസൈറ്റിയുടെ പ്രവർത്തനം മന്ദീഭവിച്ചു. വനങ്ങളിൽനിന്ന് ആവശ്യത്തിന് മലഞ്ചരക്ക് ലഭിക്കാതിരുന്നതും ഗുണഭോക്താക്കൾക്ക് തിരിച്ചടിയായി. കൂടാതെ ആദിവാസികളെ കാട്ടിൽ നിന്നും മലഞ്ചരക്കുകൾ ശേഖരിക്കുന്നത് വനം അധികൃതർ തടയുന്നതും പ്രശ്നമായി. ഇതിനിടെ സെക്രട്ടറി തുടർച്ചയായ അവധിയെടുത്തതോടെ സൈസൈറ്റി പൂട്ടിയിടേണ്ടിവന്നു. പ്രവർത്തനം നിലച്ചതോടെ സെക്രട്ടറിക്കും ശമ്പള ഇനത്തിൽ വൻതുക ലഭിക്കാനുണ്ട്. കൂടാതെ മലഞ്ചരക്ക് നൽകാമെന്ന് പറഞ്ഞ് പാലക്കാടുകാരനായ ഒരു ഏജൻറിൽനിന്ന് സൊസൈറ്റി വൻതുക വാങ്ങിയിരുന്നു. എന്നാൽ സൊസൈറ്റി പ്രവർത്തിക്കാത്തതോടെ ഈ ഏജന്റിന് സാധനമോ പണമോ നൽകാനും കഴിഞ്ഞിട്ടില്ല.
ആദിവാസികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒമ്പതംഗങ്ങളാണ് ഭരണസമിതി. സമിതിയുടെ കാലവധി അവസാനിച്ചതിനാൽ ഇവരിൽനിന്ന് മൂന്നുപേരെ ഉൾപ്പെടുത്തി സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുണ്ടാക്കിയിരുന്നു. കമ്മിറ്റിയുടെ കാലാവധി ആറുമാസമാണ്. ഇക്കാലളവിലും സൊസൈറ്റി തുറക്കാൻ കഴിഞ്ഞിട്ടില്ല. താമസിയാതെ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി പുതിയ സമിതിയുടെ നേതൃത്വത്തിൽ രണ്ടു മാസത്തിനുള്ളിൽ സൊസൈറ്റി തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് സഹകരണ സംഘം പുനലൂർ അസി. രജിസ്ട്രാർ ഓഫിസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.