പുനലൂർ: ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കനാലുകളുടെ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിന്റെ മുന്നോടിയായി വിവരശേഖരണം തുടങ്ങി. ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവിനെ തുടർന്ന് അതാത് മേഖലകളിലെ വില്ലേജ് ഓഫിസ് വഴിയാണ് വിവരങ്ങൾ എടുക്കുന്നത്. വസ്തുവിന്റെ വിവരം, ഭൂമിയുടെ അവകാശം, ഭൂമി എത് വകുപ്പിന്റെ ഉടമസ്ഥതയിൽ, കനാൽ/ ഡാമിൽ നിന്നുള്ള ദൂരം തുടങ്ങിയവയാണ് കൈവശക്കാരിൽനിന്ന് ശേഖരിക്കുന്നത്.
കല്ലട പദ്ധതിയുടെയും പരപ്പാർ ഡാമിന്റെയും ആസ്ഥാനമായ പുനലൂർ താലൂക്കിലാണ് കെ.ഐ.പിയുടെ ഭൂമി ഏറ്റവും കൂടുതൽ കുടുംബങ്ങൾ കൈവശപ്പെടുത്തിയിട്ടുള്ളത്. കല്ലട ജലസേചന പദ്ധതിയുടെ തെന്മലയിലുള്ള ഡാം, വലതു, ഇടത് കര കനാൽ എന്നിവയുടെ പുറമ്പോക്കുഭൂമികളിലായി ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കനാലിനും ചേർന്നുള്ള റോഡുകളുടെയും ആവശ്യം കഴിഞ്ഞുള്ള ഭൂമിയിൽ വർഷങ്ങളായി താമസിക്കുകയാണിവർ. 1960 കളിൽ ഡാമും കനാലുകളും സ്ഥാപിക്കാൻ ജലസേചനവകുപ്പ് സർക്കാർഭൂമി കൂടാതെ ഭൂവുടമകളുടെ ഉൾപ്പെടെ ഭൂമി വില കൊടുത്തുവാങ്ങിയതാണ്. കനാലിന്റെ ആവശ്യം കഴിഞ്ഞുള്ള ഭൂമി കാലാന്തരത്തിൽ ഭൂരഹരിതർ ൈകയേറുകയായിരുന്നു. ഇതിൽ ഭൂരിഭാഗവും നിർധനരും ദുർബലവിഭാഗത്തിൽപെട്ടവരുമാണ്. ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ ഭൂമി കൈമാറാനോ പണയപ്പെടുത്താനോ കഴിയുന്നില്ല.
പുനലൂർ താലൂക്കിൽ തെന്മല, ഇടമൺ വില്ലേജുകളിലൂടെ വലതുകരയും അയിരനല്ലൂർ, കരവാളൂർ വില്ലേജുകളിലൂടെ ഇടതുകര കനാലും കടന്നുപോകുന്നു. തെന്മലയിൽ 133, ഇടമണിൽ 120, ആയിരനല്ലൂരിൽ 80, കരവാളൂരിൽ 85 കുടുംബങ്ങൾ കനാൽ പുറമ്പോക്കിലുണ്ടെന്നാണ് താലൂക്ക് ഓഫിസിലെ മൂന്നുവർഷം മുമ്പത്തെ കണക്ക്. എന്നാൽ ഇതിന്റെ മൂന്നി ഇരട്ടി കുടുംബങ്ങൾ മൂന്ന് സെന്റ് മുതൽ വിസ്തൃതിയുള്ള ഭൂമി കൈവശമാക്കി വീടുവെച്ചിട്ടുണ്ട്.
കെ.ഐ.പി ആസ്ഥാനമായ തെന്മലയിൽ ഡാമിന് സമീപത്തായി മൂന്നിടത്തായി ഇരുനൂറിലധികം കുടുബങ്ങളുണ്ട്. ഡാമിെൻറയും കനാലുകളുടെയും നിർമാണത്തിന് തമിഴ്നാട്ടിൽ നിന്നടക്കമെത്തിയ തൊഴിലാളികൾ കെ.ഐ.പിയുടെ ഉൾപ്പെടെ ഭൂമിയിൽ താമസം ആരംഭിക്കുകയായിരുന്നു. ഇതിൽ കുറച്ചുപേർക്കേ കൈവശാവകാശ രേഖയുള്ളൂ.
കനാൽ പദ്ധതി പൂർത്തിയായതിനാൽ അധികമായുള്ള ഭൂമി ആവശ്യമില്ലാത്തതിനാലാണ് ഇരുവശവുമുള്ള കൈവശക്കാർക്ക് പട്ടയം നൽകുന്നത്. പി.എസ്. സുപാൽ എം.എൽ.എ ആവിഷ്കരിച്ച് സർക്കാർ പൈലറ്റ് പ്രോജക്ടായി അംഗീകരിച്ച ‘ഭൂരഹിതരില്ലാത്ത പുനലൂർ‘ പദ്ധതിയുടെ ഭാഗമായാണിത്. കൂടാതെ പുനലൂർ-ചെങ്കോട്ട റെയിൽപാതയുടെ പുറമ്പോക്കിലുള്ള കുടുംബങ്ങൾക്കും പട്ടയം നൽകുന്നതിനുള്ള നടപടി തുടങ്ങി. ഇതിെൻറ ഭാഗമായി ജൂലൈ 19ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ റെയിൽവേ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. റെയിൽവേ, വനം, റവന്യൂ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടുമാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലായി നൂറുകണക്കിന് കുടുംബങ്ങൾ റെയിൽവേ പുറമ്പോക്കിലുണ്ട്. റെയിൽവേയുടെ ആവശ്യം കഴിഞ്ഞുള്ള ഭൂമിയിലായിരിക്കും ഇവർക്ക് പട്ടയം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.