പുനലൂർ: നഗരസഭയുടെ കൗൺസിൽ യോഗത്തിൽ വീണ്ടും സംഘർഷവും ബഹളവും. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് മിനിമാസ്റ്റ് തെരുവുവിളക്കുകള്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായത്. നടപ്പ് സാമ്പത്തികവർഷത്തിൽ സാങ്കേതികാനുമതി ലഭിച്ച 14 മിനി മാസ്റ്റ് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന വാർഡുകൾ നിശ്ചയിക്കുന്ന വിഷയം പരിഗണനക്കുവന്നപ്പോഴായിരുന്നു തര്‍ക്കം ആരംഭിച്ചത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നഗരസഭപരിധിയിൽ 24 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. അന്ന് സ്ഥാപിച്ച വാർഡുകളെ ഒഴിവാക്കി മറ്റ് വാർഡുകളിൽ സ്ഥാപിക്കാൻ തീരുമാനമെടുക്കണമെന്നും അതല്ലെങ്കിൽ പട്ടണപ്രദേശങ്ങളിൽ പ്രധാന ജങ്ഷനുകളിൽ എല്ലാം ലൈറ്റുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്നും യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ചെയർപേഴ്സനുമായും ഇടത് കൗൺസിലർമാരുമായും യു.ഡി.എഫ് അംഗങ്ങൾ നടത്തിയ വാക്കേറ്റം സംഘർഷത്തിന്റെ വക്കിൽ എത്തി. തങ്ങൾ ഓടിളക്കി വന്നവരല്ലെന്നും തെരുവുവിളക്കുകൾ തങ്ങൾക്ക് കൂടി ലഭ്യമാകണമെന്നും യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
യോഗം നടക്കാനാകാത്തവിധം മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങൾ നിലയുറപ്പിച്ചതോടെ ചെയർപേഴ്സൺ മറ്റ് അജണ്ടകൾ എല്ലാം പാസാക്കിയതായി അറിയിച്ച് യോഗം അവസാനിച്ചിച്ചു. അധികൃതരുടെ വിവേചനത്തിൽ യു.ഡി.എഫ് അംഗങ്ങൾ പട്ടണത്തിൽ പ്രതിഷേധപ്രകടനം നടത്തി.
നഗരസഭയിൽ നടന്ന കൊടിയ അഴിമതികൾ വെളിച്ചത്തുകൊണ്ടുവന്നതിന്റെ വൈരാഗ്യം തീർക്കുന്നതിനായി യു.ഡി.എഫ് വാര്‍ഡുകളില്‍ മിനി മാസ്റ്റ് ലൈറ്റുകൾ നൽകാതിരിക്കുന്നത് അല്‍പ്പത്തമാണെന്ന് ഇവർ ആരോപിച്ചു.
രാഷ്ട്രീയ വിവേചനം പദ്ധതിനിര്‍വഹണത്തില്‍ പാടില്ലെന്ന ഹൈകോടതി ഉത്തരവിന്റെ ലംഘനമാണ് പുനലൂര്‍ നഗരസഭയിലെന്നും നിയമപോരാട്ടത്തിലൂടെ തങ്ങളുടെ വാര്‍ഡില്‍ വെളിച്ചം എത്തിക്കുമെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജി. ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷ കെ. കനകമ്മ, കൗണ്‍സിലര്‍മാരായ എന്‍. സുന്ദരേശന്, സാബു അലക്സ്, ബീനാ സാമുവേല്‍, എസ്. പൊടിയന് പിള്ള, കെ. ബിജു, എം.പി. റഷീദ് കുട്ടി, ബിപിന്‍ കുമാര്‍, ഷഫീല ഷാജഹാൻ, നിർമല സത്യൻ, ഷെമി എസ്. അസീസ്, ജ്യോതി സന്തോഷ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.