പുനലൂർ: ഒന്നരവർഷം മുമ്പ് മുറിച്ചിട്ട കൂറ്റൻ മരങ്ങൾ നശിച്ചുതുടങ്ങിയിട്ടും നീക്കാൻ നടപടിയില്ല. ഇതുകാരണം അപകടവും പതിവാകുന്നു. പുനലൂർ-മടത്തറ മലയോര ഹൈവേയിൽ പുനലൂർ അടുക്കളമൂലക്ക് സമീപമുള്ള വളവിലാണ് തടി കിടന്നുനശിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ കാറ്റിലും മഴയിലും പാതയോരത്തുണ്ടായിരുന്ന ആഞ്ഞിലിമരം പിഴുത് എതിർവശത്തെ ഓഡിറ്റോറിയത്തിനും മതിലിനും മുകളിൽ വീണ് നാശമുണ്ടായിരുന്നു.
സമീപത്തെ മറ്റ് മരങ്ങളും ഭീഷണിയാണെന്നുകണ്ട് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരുടെ മേൽനോട്ടത്തിൽ ഇവിടെയുണ്ടായിരുന്ന മറ്റ് മരങ്ങളും മുറിച്ചിട്ടു. എന്നാൽ, ഇവ പാതയോരത്ത്നിന്ന് യഥാസമയം മാറ്റാനോ ലേലം ചെയ്യാനോ നടപടിയുണ്ടായില്ല. പതിനായിരങ്ങൾ വിലവരുന്ന തടിയാണ് ഇങ്ങനെ നശിക്കുന്നത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് അധികൃതർക്ക് വ്യക്തമായ മറുപടിയുമില്ല.
വള്ളിപ്പടർപ്പ് മൂടിയ തടികൾ കിടക്കുന്നത് വളവിലായതിനാൽ ദൂരെനിന്നുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാനും പ്രയാസമാണ്. ഇതുകാരണം തടികൾ കിടക്കുന്ന ഭാഗത്ത് എതിരെ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ തടിയിൽ ഇടിച്ച് അപകടം ഉണ്ടാകുന്നു. ഇരുചക്രവാഹനയാത്രികരാണ് അപകടത്തിലാകുന്നതിൽ അധികവും. തിരക്കേറിയ പാതയിലെ അപകടാവസ്ഥ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.