പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കേരളത്തിന്റെ ഭാഗത്തുള്ള പാത നവീകരണത്തിന് തയാറാക്കുന്ന പദ്ധതികൾ അധികൃതർ നിരാകരിക്കുന്നു. കാലോചിത വികസനപ്രവർത്തനങ്ങൾ ഇല്ലാത്തത് കാരണം പാതയിൽ അപകടങ്ങൾ വർധിക്കുന്നു. പുനലൂരിനും സംസ്ഥാന അതിർത്തിയായ കോട്ടവാസലിനുമിടലാണ് അപകടങ്ങളേറെ. ഒന്നേകാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പുനനിർമിക്കാത്ത അപകടകരമായ വാളക്കോട്മേൽപാലവും തകർച്ച ഭീഷണിയിലാണ്.
കാവനാട് മുതൽ ഇടമൺവരെ ദേശീയപാത വീതി കൂട്ടി നവീകരിക്കുന്നതിനും വാളക്കോട് മേൽപാലം പുനർ നിര്‍മിക്കുന്നതിനും ദേശീയപാത അതോറിറ്റി തയാറാക്കി സമർപ്പിച്ചിരുന്ന 460 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ചതാണ് അവസാന സംഭവം.
പാതയിലുടനീളം ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാകുന്നത് കണക്കിലെടുത്താണ് പദ്ധതി തയാറാക്കിയത്. അപകടങ്ങൾ കുറക്കുന്നതിനും കൊല്ലം മുതൽ ചെങ്കോട്ട വരെയുള്ള പാതയുടെ പ്രധാന പട്ടണങ്ങളിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും റോഡ് വീതികൂട്ടി നിർമിക്കുന്നതിനും തയാറാക്കിയ പദ്ധതി ടെൻഡർ നടപടി വരെയെത്തിയതാണ്. പിന്നീട് തുടർ നടപടിയില്ലാതെ ഉപേക്ഷിച്ചു.
നവീകരണഭാഗമായി പാതയിലുടനീളമുള്ള കെ.എസ്.ഇ.ബി പോസ്റ്റുകളും ലൈനുകളും മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് ഉൾപ്പെടെ ലഭ്യമാക്കുന്നതിന് പി.എസ്. സുപാൽ എം.എൽ.എ ഇടപെട്ടിരുന്നു. പ്രോജക്റ്റ് ഡയറക്ടർ ഉള്‍പ്പെടെ പരിശോധന നടത്തി വാളക്കോട് മേൽപാലവും പദ്ധതിയിലുള്‍പ്പെടുത്തിയിരുന്നു. റെയിൽവേയുടെ ജി.എ.ഡി അപ്രൂവലും ലഭിച്ചു.
ഇരുവശത്തുനിന്നും ഗതാഗത സൗകര്യം ഉറപ്പാക്കുന്ന നിലയില്‍ വീതിയിൽ മേൽപാലം നിർമിക്കുന്നതിന് പദ്ധതിതയാറാക്കി സമർപ്പിച്ചതുമാണ്.
പുനലൂർ മുതൽ, പ്ലാച്ചേരി, കലയനാട്, വാളക്കോട് തുടങ്ങി ദേശീയപാത കടന്നുപോകുന്ന വിവിധ ഇടങ്ങളിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് അപകട മേഖലയായി കണ്ടെത്തിയ 13 ബ്ലാക്ക് സ്പോട്ട് ഇടങ്ങളിലെ അധിക സുരക്ഷക്കായി എം.എൽ.എയുടെ നിർദേശപ്രകാരം പി.ഡബ്ല്യു.ഡിയും എൻ.എച്ചും തയാറാക്കി സമർപ്പിച്ച 13 എസ്റ്റിമേറ്റിൽ മേലുള്ള അനുമതിയും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.