പുനലൂർ: തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി കയറ്റിയ വണ്ടിയിൽ കഞ്ചാവുണ്ടെന്ന വ്യാജസന്ദേശത്തെതുടർന്ന് മുഴുവൻ ചാക്കുകളും ഇറക്കിയും തിരികെക്കയറ്റിയും ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് ഉദ്യോഗസ്ഥർ. കഞ്ചാവ് കണ്ടെത്താനായില്ല, പിന്നീട് വണ്ടി പറഞ്ഞുവിട്ടു.
സുറണ്ട മാർക്കറ്റിൽനിന്ന് മൈനാഗപ്പള്ളിയിലേക്കു വന്ന പച്ചക്കറി കയറ്റിയ പിക് അപ്പിൽ കഞ്ചാവ് ഉണ്ടെന്ന സന്ദേശം എക്സൈസ് ഇന്റലിജൻസ് വിഭാഗമാണ് ചെക്പോസ്റ്റിൽ നൽകിയത്. വണ്ടിയുടെ ചിത്രം സഹിതമായിരുന്നു സന്ദേശം. വണ്ടി ചെക്പോസ്റ്റിലെത്തിയതോടെ അധികൃതർ കൈകാട്ടി നിർത്തി.
ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തെങ്കിലും കഞ്ചാവില്ലെന്ന് ഇവർ ആണയിട്ടു പറഞ്ഞു. വിശ്വാസം വരാതെ വാഹനത്തിൽ പതിവ് പരിശോധ നടത്തിയെങ്കിലും കഞ്ചാവ് കിട്ടിയില്ല. അവസാനം വണ്ടിയിലുണ്ടായിരുന്ന മുഴുവൻ പച്ചക്കറി ചാക്കുകളും വാഴക്കുലയുമെല്ലാം എക്സൈസുകാർ തന്നെ താഴെയിറക്കി.
ഓരോ ചാക്കും തുറന്നു നോക്കിയിട്ടും കഞ്ചാവ് കണ്ടെത്തിയില്ല. നിസ്സഹായരായ എക്സൈസുകാർ സാധനം തിരികെ കയറ്റാൻ നിർബന്ധിതരായി. പുറമേനിന്ന് ഒരു ചുമട്ടുകാരന് കൂലി കൊടുത്ത് എക്സൈസുകാരുടെ സഹായത്തോടെ ചരക്കെല്ലാം തിരികെ കയറ്റി വണ്ടി വിട്ടു.
കച്ചവടക്കാർക്കിടയിലെ കുടിപ്പക തീർക്കാൻ ആരോ ഇന്റലിജൻസിന് വ്യാജ സന്ദേശം നൽകിയെന്നാണ് എക്സൈസുകാർ പറയുന്നത്. സന്ദേശം കൈമാറിയവരെക്കുറിച്ച് ഇന്റലിജൻസ് അന്വഷണം തുടങ്ങി. അതേസമയം പരിശോധനക്ക് ചെക്പോസ്റ്റിൽ സ്കാനർ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രയാസപ്പെടേണ്ടതില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.