പുനലൂർ: പഞ്ചായത്ത് കൈയേറി മാലിന്യം ശേഖരണ കേന്ദ്രമാക്കിയ സ്കൂൾ കെട്ടിടം ഒടുവിൽ വിട്ടുകൊടുത്തു. മാലിന്യക്കൂമ്പാരമാക്കിയായിരുന്നു കൈമാറ്റം. നെടുമ്പാറ ടി.സി.എൻ.എം ഗവ.സ്കൂളിന്റെ കെട്ടിടം ആര്യങ്കാവ് പഞ്ചായത്ത് ഏറ്റെടുത്ത് ഓഡിറ്റോറിയവും മാലിന്യ സംസ്കരണ കേന്ദ്രവുമാക്കിയത് തിരികെ സ്കൂളിന് വിട്ടുകൊടുക്കാൻ കഴിഞ്ഞ സെപ്റ്റംബർ 12ന് കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് കെട്ടിടം വിട്ടുകൊടുക്കാൻ പഞ്ചായത്ത് തയാറായില്ല. ഇത് സംബന്ധിച്ച് സെപ്റ്റംബർ 26ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
തുടർന്ന്, കെട്ടിടം വിട്ടുകൊടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നതിനിടെ ശനിയാഴ്ച കെട്ടിടത്തിന്റെ താക്കോൽ പഞ്ചായത്ത് അധികൃതർ സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. എന്നാൽ, കെട്ടിടം തുറന്നുനോക്കിയപ്പോൾ ഉള്ളിൽ മുഴുവൻ ചാക്കുകെട്ടുകളിലായി മാലിന്യ ക്കൂമ്പാരമായിരുന്നു. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന സ്കൂൾ ലാബിലെ സാധനങ്ങൾ മിക്കതും നഷ്ടപ്പെട്ടതായും സ്കൂൾ അധികൃതർ പറഞ്ഞു.
കെട്ടിടം വിട്ടുകിട്ടാൻ സ്കൂൾ അധികൃതരും പി.ടി.എ പ്രസിഡൻറ് എസ്. രാജീവും കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവുണ്ടായത്. കോവിഡ് കാലത്ത് കലക്ടറുടെ ഉത്തരവ് അനുസരിച്ച് കോവിഡ് രോഗികളെ പാർപ്പിക്കാനായാണ് സ്കൂൾ കെട്ടിടം പഞ്ചായത്തിന് വിട്ടുനൽകിയത്. കെട്ടിടം തിരികെ നൽകാതെ ഓഡിറ്റോറിയവും ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്നതിനും ഉപയോഗിക്കുകയായിരുന്നു. കെട്ടിടം തിരികെ കിട്ടാൻ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.