പുനലൂർ: ഒരു മാസമായി അനുഭവപ്പെടുന്ന കടുത്ത ചൂടിൽ കിഴക്കൻ മലയോരം വരൾച്ചയിലേക്ക്. എസ്റ്റേറ്റ് മേഖലകളിലടക്കം ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം തുടങ്ങി. വനത്തിലെ നീരുറവകൾ വറ്റിയതിന് സൂചനയായി തെന്മല പരപ്പാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. കനാലുകളിൽ ഒഴുക്കുന്നതിന് ആനുപാതികമായി വെള്ളം എത്താത്തതിനാൽ ഡാമിലും വെള്ളം കുറഞ്ഞുതുടങ്ങി.
ഒരു മാസം മുമ്പ് വരെ പരമാവധി സംഭരണത്തിന് വെള്ളം എത്തിയതിനാൽ അപകടഭീഷണി കണക്കിലെടുത്ത് പല തവണ വെള്ളം ക്രമീകരണം വരുത്തിയ സ്ഥാനത്താണ് വെള്ളം പെട്ടെന്ന് കുറയുന്നത്. ഡാമിനുള്ളിലെ കളംകുന്നിലെ കുന്നുകൾ തെളിഞ്ഞുതുടങ്ങി. വെള്ളത്തിലായിരുന്ന ഇവിടേക്കുള്ള റോഡും പൂർണമായും തെളിഞ്ഞു. വെള്ളം കുറയുന്നത് ഡാമിന്റെ എക്കൽ സംബന്ധിച്ച പഠനത്തിന് വിവരങ്ങൾ ലഭിക്കുന്നതിന് തടസ്സമാകും.
115.86 സംഭരണശേഷിയുള്ള ഡാമിൽ വെള്ളിയാഴ്ച 112.62 മീറ്റർ വെള്ളമുണ്ട്. വലതുകര കനാലിലൂടെ പരമാവധി വെള്ളം കാർഷിക ആവശ്യത്തിന് ഒഴുക്കുന്നുണ്ട്. വേനൽ നീളുകയാണെങ്കിൽ കനാലിലെ ജലമൊഴുക്കിനും നിയന്ത്രണമുണ്ടാകും.
കുളത്തൂപ്പുഴ, ശെന്തുരുണി, കഴുതുരുട്ടി ആറുകളാണ് ഡാമിലെ പ്രധാന നീരൊഴുക്കുകൾ. ഇതിൽ കുളത്തൂപ്പുഴ ആറ്റിൽനിന്നാണ് കൂടുതൽ വെള്ളമെത്തുന്നത്. മറ്റ് രണ്ട് പുഴകളും നീരൊഴുക്ക് നാമമാത്രമായി. വനത്തിലെ നീരുറവകൾ വറ്റിയത് ആനകൾ ഉൾപ്പെടെ വന്യമൃഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. വന്യജീവികൾക്ക് കുടിനീർ ഉദ്ദേശിച്ച് വനത്തിൽ പലയിടത്തും മുമ്പ് നിർമിച്ചിരുന്ന കുളങ്ങളും തടയണകളും കഴിഞ്ഞ പ്രളയത്തിൽ തകർന്നത് പുനരുദ്ധാരണത്തിനും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.