പുനലൂർ: ഓണം സീസൺ എത്തിയിട്ടും സംസ്ഥാന അതിർത്തിയിൽ മതിയായ പരിശോധന ഇല്ലാത്തതിനാൽ ഗുണമില്ലാത്ത ഭക്ഷ്യസാധനങ്ങളും ലഹരി ഉൽപന്നങ്ങളും വിപണിയിൽ വൻതോതിൽ എത്തുന്നു. ഇത് തടയാൻ ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷ പരിശോധന കേന്ദ്രം അനുവദിച്ചത് നാലുവർഷമായിട്ടും പ്രവർത്തനം ആരംഭിച്ചില്ല. പരിശോധനയില്ലാത്തതിനാൽ ഓണത്തിന് ആഴ്ചകൾക്ക് മുമ്പേ പരാവധി ഭക്ഷ്യസാധനങ്ങൾ തമിഴ്നാട് ഉൾപ്പടെ ഇതര സംസ്ഥാനത്ത് നിന്നും ആര്യങ്കാവ് വഴി കേരളത്തിൽ എത്തുന്നു. മുൻ വർഷങ്ങളിൽ ഓണത്തിന് മുമ്പ് ഭക്ഷ്യസുരക്ഷ വകുപ്പ് ആര്യങ്കാവിൽ പരിശോധനക്ക് എത്താറുണ്ട്. ഇത്തവണ ഇതുവരെ പരിശോധന തുടങ്ങാൻ അധികൃതർ തയാറായിട്ടില്ല.
പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയ എല്ലാ സാധനങ്ങളും തമിഴ്നാട്ടിൽ നിന്ന് പ്രധാനമായി ആര്യങ്കാവിലൂടെയാണ് തെക്കൻ കേരളത്തിൽ എത്തുന്നത്. ഓണക്കാലത്ത് ഉപയോഗം കൂടുതലായതിനാൽ അപകടകരമായ കീടനാശിനിയും രാസവളങ്ങളും ഉപയോഗിച്ച് ഇത്തരം സാധനങ്ങൾ അധികമായി ഉൽപാദിപ്പിച്ചാണ് വിപണിയിൽ എത്തിക്കുന്നത്. ആര്യങ്കാവിൽ നിലവിൽ പാൽ പരിശോധന കേന്ദ്രമുണ്ട്. പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം തുടങ്ങിയ മറ്റ് ഭക്ഷണ സാധനങ്ങൾ പരിശോധിക്കാൻ യാതൊരു സംവിധാനവും ഇല്ല. ഭക്ഷ്യസാധനങ്ങളുടെ പരിശോധനക്കായി സീസൺ കാലത്ത് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മൊബൈൽ യൂനിറ്റ് എത്താറുണ്ട്. ഇത് ഒഴിവാക്കി ഭക്ഷ്യവിഭവങ്ങളുടെ സ്ഥിരം പരിശോധനക്കായി ആര്യങ്കാവിൽ സുരക്ഷ ചെക്പോസ്റ്റ് വാണിജ്യ നികുതി ചെക്പോസ്റ്റിന്റെ കെട്ടിടത്തിൽ അനുവദിച്ചത്. കേന്ദ്രം വൻതുക മുടക്കി പൊതുമരാമത്ത് വകുപ്പ് നവീകരിച്ചെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. പരിശോധന കേന്ദ്രം പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതാണ് തടസ്സമായി അധികൃതർ പറയുന്നത്. പ്രവർത്തനം തുടങ്ങാത്തതിനാൽ ഭക്ഷ്യസുരക്ഷ വകുപ്പിന് അനുവദിച്ച കെട്ടിട സൗകര്യം തിരിച്ചെടുക്കാൻ ജി.എസ്.ടി വകുപ്പ് നടപടി തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.