പുനലൂർ: കിഴക്കൻ മലയോര- തോട്ടം മേഖലയിൽ ശക്തമായ മഴ. പലയിടത്തും മലവെള്ളപ്പാച്ചിലിൽ നാശം നേരിട്ടു. ആര്യങ്കാവ് ഇടപ്പാളയം അരുണോദയം കോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജനങ്ങൾ ഭീതിയിലായി. ഇവിടെ രണ്ടു വീടുകളിൽ മലവെള്ളം കയറി നാശം നേരിട്ടു. പ്രിൻസ്, ആര്യ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മഴ ശക്തിയാർജിച്ചത്.
ഒരു മണിക്കൂറോളം ശക്തമായ മഴ പെയ്തു. ചിലയിടങ്ങളിൽ കാറ്റും വീശി. പെട്ടെന്നുണ്ടായ മഴയിൽ പലയിടത്തും ശക്തിയായി വെള്ളം കുത്തി ഒലിച്ചതോടെ മലയോര മേഖല നിവാസികൾ ഭീതിയിലായി. രണ്ടുവർഷം മുമ്പ് ഇടപാളയം അരുണോദയം, നാല് സെന്റ് കോളനി, അമ്പനാട് മേഖലകളിൽ ഉരുൾപൊട്ടി നാശം വിതച്ചിരുന്നു. ഇതേ അവസ്ഥയായിരുന്നു ഇന്നലെയും ഉണ്ടായത്. പെട്ടെന്ന് തന്നെ മഴ തോർന്നത് ആശ്വാസത്തിനിടയാക്കി. മലവെള്ളപ്പാച്ചിലിൽ കഴുതുരുട്ടിയാറ്, അമ്പനാട് തോട്, ചാലിയാക്കരാറ് എന്നിവ കരകവിഞ്ഞൊഴുകി.
ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയായ അരുണോദയം കോളനിയിൽ മലയിൽ നിന്നുള്ള വെള്ളം കുത്തനെയുള്ള വഴിയിലൂടെയും ചെറിയ തോട്ടിലൂടെയും കുത്തിയൊഴുകിയതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. കുറച്ചു സമയത്തിനുശേഷം മഴ നിലച്ച് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെയാണ് ആശ്വാസമായത്.
തെന്മല അയ്യപ്പൻകാനയിലും മലവെള്ളപ്പാച്ചിൽ നേരിയ നാശം വിതച്ചു. അമ്പനാട് മൂന്നാം ഡിവിഷനിൽ മഴവെള്ളത്തിൽ ഒലിച്ചെത്തിയ അവശിഷ്ടങ്ങൾ റോഡിൽ അടിഞ്ഞുകൂടി. അംബിക്കോണം, ചാലിയക്കര തോടുകളെല്ലാം കവിഞ്ഞൊഴുകി. രാത്രിയിലും പലയിടത്തും മഴ ശക്തിയായി തുടർന്നു. ആര്യങ്കാവിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.