പുനലൂർ: തൂക്കുപാലത്തിന് സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ബേക്കറിയും ഗോൾഡ് കവറിങ് ആഭരണശാലയും പൂർണമായി കത്തിനശിച്ചു. ഗിൽസ് ബേക്കറിയും സമീപത്തെ ഗോൾഡ് കവറിങ് ആഭരണശാലയുടെ കുറേ ഭാഗവുമാണ് കത്തിയത്.
രാത്രി 12 ഓടെയാണ് തീപിടിത്തം. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു.
ബേക്കറിയിൽ നിന്നുമാണ് ആദ്യം പുകയും തീയുമുണ്ടായത്. നിമിഷനേരം കൊണ്ട് പട്ടണമധ്യമാകെ പുകപടലം കൊണ്ട് നിറഞ്ഞു. പുനലൂർ ഫയർഫോഴ്സ് മൂന്ന് യൂനിറ്റ് എത്തി ഏറെനേരം പരിശ്രമിച്ചാണ് തീയണച്ചത്. വൻ അഗ്നിബാധയായതിനാൽ ബേക്കറിയുടെ ഷട്ടർ തുറക്കാൻ സാധിച്ചില്ല.
അരമണിക്കൂറോളം കഴിഞ്ഞ് ഷട്ടർ തുറന്നപ്പോൾ ബേക്കറിയുടെ ഉൾഭാഗം പൂർണമായി കത്തിക്കരിഞ്ഞിരുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. തീപിടിത്തത്തെതുടർന്ന് അരമണിക്കൂറോളം പട്ടണത്തിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വെള്ളിയാഴ്ച കൊല്ലത്തുനിന്ന് ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.