പുനലൂർ: അതിർത്തി പഞ്ചായത്തായ ആര്യങ്കാവിലെ പ്രധാന ജലസ്രോതസായ കഴുതുരുട്ടിയാർ നീരൊഴുക്ക് നിലച്ചു. ഇതോടെ തോട്ടം- മലയോരമേഖല കടുത്ത ജലക്ഷാമത്തിലായി. തെന്മല പരപ്പാർ ഡാമിന്റെ പ്രധാന നീരൊഴുക്കുകേന്ദ്രമാണ് കഴുതുരുട്ടിയാർ. നീരൊഴുക്ക് നിലച്ചതോടെ കുഴികളിൽ കെട്ടിനിൽക്കുന്ന കുറഞ്ഞ അളവിലുള്ള വെള്ളമാണ് ആറിനെ ആശ്രയിക്കുന്നവർക്ക് ആശ്വാസം.
പുഴയുടെ ഇരുകരകളിലുമുള്ള കോളനികളിലെ അടക്കം നൂറുകണക്കിന് കുടുംബങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് ആറിനെയാണ്. ഇതുവഴിയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളിലെ തൊഴിലാളികൾക്കും വിനോദസഞ്ചാരികൾക്കുമെല്ലാം ആറ്റിലെ വെള്ളം വലിയ സഹായകമായിരുന്നു.
അതിർത്തി മലകളിൽ നിന്നുള്ള ആര്യങ്കാവ് തോട്, പാലരുവി, നെടുമ്പാറ തോട്, മുരുകൻ പഞ്ചാൽ തോട് എന്നിവ ഉൾപ്പെട്ടതാണ് കഴുതുരുട്ടിയാർ. ഇടപ്പാളയം ആറുമുറിക്കട, കഴുതുരുട്ടി എന്നിവിടങ്ങളിലെ കോളനിയിലുള്ളവരുടേയും പ്രധാന ആശ്രയം ആറ്റിലെ വെള്ളമാണ്. ആറ് വറ്റിയതോടെ കുടിവെള്ളത്തിന് ഉൾപ്പെടെ ഇവിടെ ഉള്ളവർ പ്രയാസത്തിലാണ്. ആര്യങ്കാവ് പഞ്ചായത്തിൽ പ്രധാന കുടിവെള്ള പദ്ധതികൾ ഇല്ലാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.