പുനലൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ പുളിയറ ആർ.ടി.ഒ ചെക്പോസ്റ്റിൽ തടഞ്ഞിട്ട് അമിത പണം പിരിക്കുന്നതായി പരാതി. അമിത ലോഡ് പറഞ്ഞാണ് ലോറികളടക്കം മണിക്കൂറുകളോളം തടഞ്ഞിടുന്നത്. എന്നാൽ അമിത ലോഡുമായി വരുന്ന തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങൾ തടസ്സമില്ലാതെ കേരളത്തിലേക്ക് കടത്തിവിടുന്നുമുണ്ട്.
തമിഴ്നാട് അടക്കം ഇതര സംസ്ഥാനങ്ങളിൽനിന്ന് സിമൻറ്, പാറ ഉൽപന്നങ്ങൾ, മണൽ തുടങ്ങിയവ കൊണ്ടുവരുന്ന വാഹനങ്ങളാണ് അധികൃതർ പിടിച്ചിടുന്നത്. ബുധനാഴ്ച രാവിലെ മുതൽ ഇത്തരത്തിൽ ഇരുന്നൂറോളം കേരള രജിസ്ട്രേഷൻ വാഹനങ്ങൾ തടഞ്ഞിട്ടു.
ഒരു കാരണവും പറയാതെ അർ.ടി ഓഫിസ് അധികൃതർ 4000 മുതൽ 5000 രൂപ വരെ പിഴ ചോദിക്കുന്നെന്ന് ഡ്രൈവർമാർ പറയുന്നു. നിയന്ത്രിത അളവിൽ ചരക്ക് കയറ്റി വരുന്ന വാഹനങ്ങളായാലും സാധാരണ നിലയിൽ ഈ ചെക്പോസ്റ്റ് കടക്കുന്നതിന് 500 രൂപ വരെ പടി നൽകാറുണ്ട്. ഇതു കൂടാതെയാണ് വാഹനങ്ങൾ തടഞ്ഞ് പത്തിരട്ടിവരെ പിഴ അടക്കാൻ ആവശ്യപ്പെടുന്നതെന്ന് ഡ്രൈവർമാർ പറഞ്ഞു.
മുമ്പ് ഇത്തരം വിവേചനമുണ്ടായപ്പോൾ കേരളത്തിലെ ലോറി ഡ്രൈവർമാർ സംഘടിച്ച് സംസ്ഥാന ഗതാഗത വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. അധികൃതർ തമിഴ്നാട് ഗതാഗത അധികൃതരുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചു. ആരോപണ വിധേയായ ആർ.ടി.ഒയെ സ്ഥലം മാറ്റുകയും ചെയ്തു. വീണ്ടും ഉദ്യോഗസ്ഥ ഇവിടെ ചുമതലയേറ്റതോടെയാണ് പ്രതികാര നടപടി തുടങ്ങിയതെന്നും ഡ്രൈവർമാർ പറയുന്നു. വാഹനങ്ങൾ മണിക്കൂറുകൾ തടഞ്ഞിടുന്നത് കാരണം ഭക്ഷണംപോലും കഴിക്കാതെ റോഡിൽ ബുദ്ധിമുട്ടുകയാണ് ഡ്രൈവർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.