പുനലൂർ: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിെൻറ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമായതോടെ കാലാവധി നീട്ടുമെന്ന പ്രതീക്ഷയിൽ ഉദ്യോഗാർഥികൾ. 46285 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് കേവലം 6673 നിയമനം മാത്രമാണ് ഇതുവരെ നടന്നത്. മുൻ ലിസ്റ്റിനെ അപേക്ഷിച്ച് പകുതിയോളം നിയമനങ്ങൾ മാത്രമാണിത്.
ഒരുമാസം നീണ്ട സമരത്തിൽ ഫെബ്രുവരിയിൽ ഉദ്യോഗാർഥികളുമായി മുൻ മന്ത്രി എ.കെ. ബാലൻ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. അതിനാൽതന്നെ മന്ത്രി നൽകിയ ഉറപ്പുകൾ പാഴ്‌വാക്കായി.
ആഗസ്റ്റ് നാലിന് അവസാനിക്കുന്ന ലിസ്റ്റിലേക്ക് സ്പാർക്ക് സംവിധാനമുപയോഗിച്ച് പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. നിലവിൽ ലാസ്റ്റ് ഗ്രേഡായി ജോലി നോക്കുന്നവർക്ക് പ്രമോഷൻനൽകി വേക്കൻസി സൃഷ്ടിക്കും. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി കൂടുതൽ നിയമനം നടത്തുമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതിന് ശേഷം നിയമനം സംബന്ധിച്ച് ഉദ്യോഗാർഥികൾ നിരന്തരം മന്ത്രിമാരെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും എല്ലാം പരിഗണനയിലാണെന്ന മറുപടി മാത്രമാണ് ഇപ്പോഴും ലഭിക്കുന്നത്.
സാധാരണ ഒരു ലിസ്റ്റിെൻറ അവസാന ആറുമാസം കൂടുതൽ നിയമനം നടക്കാറുണ്ട്. എന്നാൽ, പല ജില്ലകളിലും വിരലിലെണ്ണാവുന്ന നിയമനത്തിലേക്ക് ചുരുങ്ങി.
പകുതി ജീവനക്കാരെെവച്ച് ഇത്രയും നാൾ നടക്കാത്തത് ഇനിയുള്ള 15 പ്രവൃത്തിദിവസംകൊണ്ട് എങ്ങനെ നടക്കുമെന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്. അതിനാൽതന്നെയാണ് ലിസ്റ്റ് നീട്ടുകയും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുകയും ചെയ്യണമെന്ന് ഉദ്യോഗാർഥികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.
ഈ മാസം നടക്കുന്ന മന്ത്രിസഭായോഗങ്ങളിലെ തീരുമാനങ്ങളിലാണ് ഇവരുടെ പ്രതീക്ഷയത്രയും. യൂനിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് നിലവിലെ ലിസ്റ്റിലെ ഉദ്യോഗാർഥികളെ പരിഗണിച്ചാൽതന്നെ നല്ലൊരു ശതമാനം നിയമനം നടക്കേണ്ടതാണ്. ബന്ധപ്പെട്ട ഫയലുകൾ ഇപ്പോഴും പകുതിവഴിയിലാണ്. ഹയർ സെക്കൻഡറിയിലേക്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കണമെന്നുള്ള കോടതി ഉത്തരവ് നടപ്പിലാകാത്തതും തിരിച്ചടിയാണ്.2018ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് രണ്ട് പ്രളയവും കോവിഡും ഉൾപ്പെടെയുള്ള മഹാമാരികളും അഭിമുഖീകരിച്ചു.
അതിനാൽ ലിസ്റ്റിെൻറ കാലാവധി നീട്ടി കൂടുതൽ നിയമനം നടത്തുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.