പുനലൂർ: പലരിൽ നിന്ന് ലക്ഷങ്ങളുമായി മുങ്ങിയ ജ്വല്ലറി ഉടമയെ കണ്ടെത്താൻ പുനലൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുനലൂർ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ പവിത്രം ജ്വല്ലറി ഉടമ പുനലൂർ ടൗൺ സ്വദേശി സാമുവേൽ എന്ന സാബുവിനെ കണ്ടെത്താനാണ് നോട്ടീസ്. ചതി, വഞ്ചന, നിക്ഷേപത്തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി മൂന്ന് കേസാണ് ഇയാൾക്കെതിരെയുള്ളത്.
കഴിഞ്ഞ മാസം അവസാന ആഴ്ച മുതലാണ് ജ്വല്ലറി പൂട്ടി ഉടമ മുങ്ങിയത്. പ്രത്യേക പൊലീസ് സംഘം പലയിടത്തും അന്വേഷണം നടത്തിയെങ്കിലും സാബുവിനെ കണ്ടെത്താനായില്ല.
കൂടിയ പലിശക്കും സ്വർണചിട്ടി ഇനത്തിലും പലരിൽ നിന്ന് വൻതുക കൈക്കലാക്കി. സ്വർണ ചിട്ടി, നിക്ഷേപം എന്നീ ഇനങ്ങളിൽ പണം നൽകിയിരുന്ന 20 ആളുകൾ പരാതി നൽകിയി. 20 ലക്ഷം രൂപ വരെ ഇവിടെ പലിശക്ക് പണം നൽകിയവരുണ്ട്. നിക്ഷേപം കൂടാതെ കുറേശെ പണം അടച്ച് നിശ്ചിത കാലമെത്തുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങാൻ കഴിയുന്ന നിലയിൽ സ്വർണചിട്ടിയും ഇൻസ്റ്റാൾമെൻറ് പദ്ധതികളും ഉണ്ടായിരുന്നു.
ഈ ഇനത്തിലും നിരവധിയാളുകളുടെ ചെറുതും വലുതുമായ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നു. വലിയ പലിശ പ്രതീക്ഷിച്ച് വൻതുക നൽകിയിട്ടുള്ള പലരും നാണക്കേട് ഓർത്ത് പരാതിയുമായ രംഗത്ത് വന്നിട്ടില്ല.
റെയിൽവേ ഗേറ്റിനു സമീപം പഴയ സ്വർണാഭരണവും വിദേശ കറൻസിയും കൈമാറ്റം നടത്തുന്ന കടയായിരുന്നു സാബുവിന് തുടക്കത്തിലുണ്ടായിരുന്നത്. ഇതിലൂടെ ജനങ്ങളുടെ വിശ്വാസമാർജിച്ച ശേഷം പിന്നീട്, ജ്വല്ലറി ആരംഭിച്ചു.
ഈ ജ്വല്ലറി വിപുലീകരിച്ചാണ് പോസ്റ്റ് ഓഫിസ് ജങ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചത്. കട പൂട്ടൂന്നതിനുമുമ്പ് ഇവിടുണ്ടായിരുന്ന മുഴുവൻ സ്വർണവും മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.