പുനലൂർ: ടി.ബി. ജങ്ഷനിൽ മിനി പമ്പയിലെ താൽക്കാലിക കച്ചവടക്കാർക്കെതിരെ നടപടിക്കെത്തിയ ദേശീയപാത അധികൃതരെ നഗരസഭ അധികൃതരും എൽ.ഡി.എഫ് നേതാക്കളും തടഞ്ഞു. ചൊവ്വാഴ്ചയാണ് ദേശീയപാത പുനലൂർ എ.ഇയുടെ നേതൃത്വത്തിൽ കടക്കാർക്കെതിരെ നടപടിയുമായി രംഗത്ത് വന്നത്. ദേശീയപാതയിലേക്ക് ഇറക്കി താൽക്കാലിക കടകൾ സ്ഥാപിച്ചത് നീക്കം ചെയ്യാനാണ് പൊലീസ് സാന്നിധ്യത്തിൽ സംഘം എത്തിയത്.
ശബരിമല സീസണിൽ വർഷങ്ങളായി എല്ലാ വിഭാഗം ആളുകളും ഇവിടെ താൽക്കാലിക വ്യാപാരം നടത്തുന്നുണ്ട്. ഇത്തവണ കച്ചവടക്കാർക്കെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. വ്യാപാരികളെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്. കച്ചവടക്കാർ താൽക്കാലിക ലൈസൻസും മറ്റു സംരക്ഷണവും ഉറപ്പാക്കി.
ഇതെല്ലാം അവഗണിച്ചായിരുന്നു ദേശീയപാത അധികൃതരുടെ ഇടപെടൽ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് കടക്കാർ പറഞ്ഞെങ്കിലും ദേശീയപാത അധികൃതർ പിന്മാറാൻ തയാറായില്ല. സംഭവമറിഞ്ഞ് ചെയർപേഴ്സൺ ബി. സുജാത, വൈസ് ചെയർമാൻ ഡി. ദിനേശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നഗരസഭ അധികൃതരെത്തി ദേശീയപാത അധികൃതരുടെ നടപടിയെ ചോദ്യം ചെയ്തു. ഇരുകൂട്ടരും ഏറെനേരം വാക്കേറ്റവും ഉണ്ടായി.
സംയുക്ത പരിശോധനയിലൂടെ നിയമവിരുദ്ധമായ കടകൾ കണ്ടെത്തി നടപടി എടുത്താൽ മതിയെന്ന് നഗരസഭ അധികൃതർ ആവശ്യപ്പെട്ടു. ഇതോടെ ദേശീയപാത അധികൃതർ പിന്മാറി. ദേശീയപാത അധികൃതരുടെ നടപടിക്കെതിരെ സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജുവും ലോക്കൽ സെക്രട്ടറി വി. വിഷ്ണുദേവും രംഗത്ത് വന്നിരുന്നു.
പുനലൂർ: പുനലൂർ ടി.ബി ജങ്ഷനിൽ എത്തുന്ന ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ ഇവിടുള്ള താൽക്കാലിക കച്ചവടക്കാരെ സംരക്ഷിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ബി. സുജാത, വൈസ് ചെയർമാൻ ഡി. ദിനേശൻ എന്നിവർ അറിയിച്ചു. പുനലൂരിൽ എത്തുന്നവർക്ക് ടി.ബി ജങ്ഷനിലെ സ്നാനഘട്ടത്തിലും നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവ ക്ഷേത്ര കോമ്പൗണ്ടിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വർഷങ്ങളായി ടി.ബി ജങ്ഷൻ മുതൽ വാളക്കോട് വരെ റോഡിന് ഇരുവശവും ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ നൂറുകണക്കിന് ആളുകൾ താൽക്കാലികമായി മകരവിളക്ക് വരെ കച്ചവടം നടത്തിവരുകയാണ്. പുനലൂരിലെ സാമ്പത്തിക മേഖലകളിൽ ഉണർവേകുന്ന ഈ വ്യാപാരം ചില തൽപരകക്ഷികളുടെ പ്രേരണയാൽ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
വാഹന ഗതാഗതത്തിന് തടസ്സം നേരിടാത്ത രീതിയിൽ താൽക്കാലിക ഷെഡ്ഡുകൾ ദേശീയപാതയിലേക്ക് ഇറക്കിവെക്കാൻ പാടില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. പൊതുതീരുമാനത്തിന് വിരുദ്ധമായി നഗരസഭയെ അറിയിക്കാതെയാണ് എൻ.എച്ച്. അധികൃതർ പരിശോധനക്ക് എത്തിയത്.
തീരുമാനത്തിന് വിരുദ്ധമായ പരിശോധന നടത്താൻ പാടില്ല എന്നും സംയുക്ത പരിശോധനകൾ നടത്തി വേണ്ടതായ നടപടി സ്വീകരിക്കണമെന്നും ചെയർപേഴ്സൺ ബി. സുജാതയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു. ശബരിമല തീർഥാടകർക്ക് ആവശ്യമായ എല്ലാ സഹായവും നഗരസഭയുടെ നേതൃത്വത്തിൽ തുടർന്നും നടത്തുന്നതാണന്നും ഇരുവരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.