പുനലൂർ: ന്യായവിലക്ക് ആഹാരം വിൽക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുനലൂരിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ പ്രവർത്തനം വൈദ്യുതിയില്ലാത്തതിനെതുടർന്ന് അവതാളത്തിൽ. പുനലൂരിലെ കടുത്ത ചൂടിൽ സുഭിക്ഷയിലെത്തി ഉച്ചയൂണ് കഴിഞ്ഞു വിയർത്തു കുളിച്ചാണ് ഇറങ്ങിപ്പോകുന്നത്. ഈ ദുരനുഭവം കാരണം ഒരിക്കലെത്തുന്നവർ പിന്നീട് എത്താത്ത അവസ്ഥയാണ്.
അഞ്ച് മാസം മുമ്പാണ് ടി.ബി ജങ്ഷനിൽ ടൂറിസം വകുപ്പിന്റെ സ്നാനഘട്ടത്തിലുള്ള കെട്ടിടത്തിൽ സുഭിക്ഷ ആരംഭിച്ചത്. തൂക്കുപാലവും കല്ലടയാറും ദൃശ്യമായുള്ള ഇവിടെ നല്ല തിരക്കാണ്. വെജിറ്റേറിയൻ ഊണ് 20 രൂപക്കാണ് നൽകുന്നത്.
വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ലൈറ്റുകളും ഫാനുകളും പ്രവർത്തനമില്ല. സ്നാനഘട്ടത്തിൽ പല കെട്ടിടങ്ങളിലായി ഒരു കണക്ഷനാണുള്ളത്. 10000 ത്തോളം രൂപയുടെ ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ടൂറിസം വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും വൈദ്യുതി തുക കുടിശ്ശിക തുക ഇതുവരെയും ഒടുക്കിയിട്ടില്ല. ഇത് കാരണം കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി തയാറായിട്ടില്ല.
അധികൃതരുടെ നിലപാടുമൂലം സാധാരണക്കാർക്ക് അനുഗ്രഹമാകുന്ന ഹോട്ടൽ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. ശബരിമല സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.