പുനലൂർ: നഗരമധ്യേ കല്ലടയാറിന് കുറുകെയുള്ള വലിയപാലവും ചേർന്നുള്ള തൂക്കുപാലവും ആത്മഹത്യ മുനമ്പാകുന്നു. നിരവധിയാളുകൾ ഈ പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാവുകയാണ്. തമിഴ്നാട് സ്വദേശികൾ ഇവിടെയെത്തി ആറ്റിലേക്ക് ചാടിയ സംഭവങ്ങളും സമീപകാലത്തുണ്ടായി. ചൊവ്വാഴ്ച രാവിലെ 10.30ഓടെ പ്ലാച്ചേരി സ്വദേശിനിയായ യുവതി തൂക്കുപാലത്തിൽനിന്ന് ആറ്റിൽ ചാടി ജീവനൊടുക്കിയതാണ് ഒടുവിലത്തെ സംഭവം. ഈമാസം ഒന്നിന് തലവൂർ സ്വദേശിയായ മധ്യവയസ്കനും ഇവിടെ പാലത്തിൽനിന്ന് ചാടി മരിച്ചിരുന്നു. ആറിന്റെ ആഴവും ചളിയും നിറഞ്ഞ ഭാഗമാണ് ഇവിടം. തൊട്ടടുത്ത് കുടിവെള്ള പദ്ധതിയുടെ കിണർ സ്ഥിതി ചെയ്യുന്നതിനാൽ എപ്പോഴും ആറിൽ വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്.
ഇരുപാലങ്ങളിൽനിന്നും ആറിന് 50 അടിയോളം താഴ്ചയുള്ളതിനാൽ രക്ഷപ്പെടലും അസാധ്യമാണ്. പലരെയും ഇതിനകം അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇരുപാലങ്ങളുടെയും കൈവരികൾക്ക് കാര്യമായ പൊക്കമില്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.
തൂക്കുപാലത്തിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റിന്റെ പ്ലാറ്റ്ഫോമിൽ കയറിയാണ് സമീപമുണ്ടായിരുന്നവർ നോക്കിനിൽക്കെ ചൊവ്വാഴ്ച യുവതി ആറ്റിലേക്ക് ചാടിയത്. തൂക്കുപാലത്തിന്റെ കൈവരിക്ക് പൊക്കം കുറവായതിനാൽ കൊച്ചുകുട്ടികൾപോലും ഇവിടെ അപകടത്തിലാകാനുള്ള സാധ്യതയുമേറെയാണ്.
ഇരുപാലത്തിന്റെയും കൈവരികൾക്ക് മുകളിൽ സുരക്ഷ വേലി നിർമിച്ചാൽ ഇവിടെനിന്ന് ആറ്റിലേക്ക് ചാടുന്നത് ഒഴിവാക്കാനാകും.
സുരക്ഷ വേലി സ്ഥാപിക്കാൻ ഏറെക്കാലമായി ആവശ്യം ഉയരുന്നുണ്ടെങ്കിലും ദേശീയപാത അധികൃതരോ തൂക്കുപാലത്തിന്റെ സംരക്ഷണ ചുമതലയുള്ള പുരാവസ്തു വകുപ്പോ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.