പുനലൂർ: എല്ലാ വോട്ടർമാർക്കും സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി കെ.എല്ലിൽ തുടങ്ങുന്ന പഴയ തിരിച്ചറിയൽ കാർഡുകൾ തെരഞ്ഞെടുപ്പു കമീഷൻ പിൻവലിച്ചു. പുതിയ സ്മാർട്ട് കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ആരംഭിച്ചു. ആദ്യകാലങ്ങളിൽ സംസ്ഥാനത്ത് നൽകിയിരുന്ന കെ.എൽ സീരിയലിൽ തുടങ്ങുന്ന നമ്പറിലെ പേപ്പർ കാർഡാണ് പിൻവലിച്ചത്. പകരം ഇവർക്ക് എന്.വി.യു സീരിയലിൽ ആരംഭിക്കുന്ന സ്മാർട്ട് കാർഡ് ആണ് നൽകുന്നത്.
പുതിയ കാർഡിന് അനുസൃതമായി വോട്ടർ പട്ടികയിലും മാറ്റം വരുത്തി. ഇത് കാർഡുടമകളെ അറിയിക്കാനും പുതിയ കാർഡിന് അപേക്ഷ നൽകാനുള്ള നടപടിക്കുമായി ബൂത്തുലെവൽ ഓഫിസർമാർക്ക് താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽനിന്നു നിർദേശം നൽകി. വോട്ടർമാരെ കണ്ടെത്താൻ സഹായിക്കുന്ന നിലയിൽ പുതിയതും പഴയതുമായ സീരയിലിലുള്ള നമ്പർ പ്രകാരമുള്ള വോട്ടർ പട്ടികയും ബി.എൽ.ഒ മാർക്ക് നൽകി. ഫോട്ടോ, തിരിച്ചറിയൽ കാർഡ് സഹിതം ഫോറം എട്ടിലാണ് സ്മാർട്ട് കാർഡിന് അപേക്ഷ നൽകേണ്ടത്.
അക്ഷയ സെൻറർ വഴിയും എൻ.വി.എസ്.പി വെബ്സൈറ്റിലൂടെ വോട്ടർമാർക്ക് നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. ഇതിന് പ്രത്യേക ഫീസ് ഇല്ലെന്നും അധികൃതർ പറഞ്ഞു. കൊല്ലം ജില്ലയിൽ ഒരു ലക്ഷത്തിലധികവും പുനലൂർ താലൂക്കിൽ പതിനായിരത്തിൽപരവും വോട്ടർമാർ കെ.എൽ. സീരിയലിൽ തുടങ്ങുന്ന തിരിച്ചറിയൽ കാർഡ് ഉള്ളവരുണ്ട്. പുനലൂരിൽ ഇതിനകം അഞ്ഞൂറോളം ആളുകൾ പഴയത് മാറ്റി സ്മാർട്ട് കാർഡിനായി അപേക്ഷ നൽകി. ബാക്കിയുള്ളവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.എൽ.ഒമാർ.
പഴയ കാർഡ് മരവിപ്പിച്ച സ്ഥിതിക്ക് ഐഡി കാർഡ് അടിസ്ഥാനമായുള്ള സർക്കാർ, ബാങ്ക് ആവശ്യങ്ങൾക്ക് സ്മാർട്ട് കാർഡ് എടുക്കാത്തവർ ബുദ്ധിമുട്ടും. നിലവിലെ കെ.എൽ സീരിയലിലുള്ള കാർഡ് അധികൃതർ കമ്പ്യൂട്ടർ പരിശോധനക്ക് വിധേയമാക്കുമ്പോൾ നിലവിലില്ലെന്നായിരിക്കും കാണിക്കുന്നത്. എന്നാൽ ഇവർക്ക് പുതിയ സീരിയലിൽ സ്മാർട്ട് കമീഷൻ അനുവദിച്ചിട്ടുമുണ്ട്. പുതിയ സ്മാർട്ട് കാർഡ് എടുക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പുനലൂർ താലൂക്കിലുള്ളവർ 0475 2979151 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് താലൂക്ക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.