പുനലൂർ: പുതിയ അധ്യയന വർഷം തുടങ്ങാറായിട്ടും ഒന്നര വർഷം മുമ്പ് അച്ചൻകോവിലിൽ നിർമാണം പൂർത്തിയാക്കിയ പ്രീമെട്രിക് ഹോസ്റ്റൽ തുറക്കാൻ നടപടിയില്ല. ഹോസ്റ്റൽ പ്രയോജനപ്പെടുത്തേണ്ട പട്ടിക വർഗ വിഭാഗങ്ങളിലെ പെൺകുട്ടികൾ ബുദ്ധിമുട്ടുന്നു.
കിഴക്കൻ മേഖലയിലെ പട്ടിക വർഗ കോളനികളിലെ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾ താമസിച്ചു പഠിക്കുന്നതുമായ ഹോസ്റ്റൽ കെട്ടിടം തകർച്ചയിലായതിനെ തുടർന്നാണ് നാല് വർഷം മുമ്പ് പുതിയ കെട്ടിടം നിർമിക്കാൻ നടപടിയായത്.
കെട്ടിട നിർമാണത്തിന് കിഫ്ബിയിൽ നിന്ന് സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. നൂറ് കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്. പട്ടിക വർഗവികസന വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണ പ്രവർത്തനം നടന്നത്.
ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും കോവിഡിനെ തുടർന്ന് നിർമാണം വൈകി. കോവിഡിന് ശേഷം നിർമാണം പുനരാരംഭിച്ച് കഴിഞ്ഞ വർഷം പ്രധാന നിർമാണങ്ങൾ പൂർത്തിയാക്കി.
എന്നാൽ ചെറിയ പണികളുടെ പേരിൽ ഹോസ്റ്റൽ കുട്ടികൾക്ക് തുറന്നു കൊടുക്കാൻ അധികൃതർ തയാറായില്ല. പുതിയ കെട്ടിടം നിർമിച്ചതുകാരണം നിലവിലുള്ള പഴയ കെട്ടിടം ഇത്തവണ സ്കൂൾ തുറക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണി ചെയ്യാനായില്ല.
വ്യാഴാഴ്ച സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികൾ എത്തേണ്ടത് പഴയ കെട്ടിടത്തിലാണ്. പുതിയ ഹോസ്റ്റൽ കെട്ടിടം ഉടൻ ഉദ്ഘാടനം നടത്തി കുട്ടികൾക്ക് തുറന്നു കൊടുക്കുമെന്ന് പട്ടിക വർഗ വികസന പുനലൂർ താലൂക്ക് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.