പുനലൂർ: കെ.എസ്.ആർ.ടി.സി പുനലൂർ ബസ് ഡിപ്പോ പരിസരം ചവർ മൂടി വൃത്തിഹീനമായ നിലയിൽ. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഡിപ്പോയിൽ ബസ് പാർക്കിങ് ഗ്രൗണ്ടും കാത്തിരിപ്പു കേന്ദ്രങ്ങളും അവശിഷ്ടങ്ങളാൽ നിറഞ്ഞു. മതിയായ ശുചീകരണം നടത്താത്തതിനെ തുടർന്നാണ് പേപ്പറും പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും നിരന്ന് കിടക്കുന്നത്.
യാത്രക്കാർ ഉപേക്ഷിക്കുന്നതും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ തമ്പടിക്കുന്ന മറ്റുള്ളവരും ഭക്ഷണസാധനങ്ങൾ കഴിച്ചശേഷം വലിച്ചെറിയുന്ന അവശിഷ്ടങ്ങളാണിവ. മഴയായതോടെ പേപ്പറും മറ്റും കിടന്ന് അഴുകുന്നത് പകർച്ചവ്യാധികൾക്ക് ഇടയാക്കുന്നു. കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടെ കൃത്യമായി ശുചീകരണം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പുതിയ കാത്തിരിപ്പു കേന്ദ്രം മിക്കപ്പോഴും കഞ്ചാവ്- മയക്കുമരുന്നു ഉപഭോക്താക്കളുടെ താവളമാകുന്നത് മറ്റുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കഞ്ചാവും മദ്യവും കഴിച്ച ശേഷം ഇക്കൂട്ടർ വിശ്രമത്തിനെത്തുന്നത് കാത്തിരിപ്പ് കേന്ദ്രത്തിലാണ്.
പരസ്പരം അസഭ്യവർഷവും കൈയാങ്കളിയും പതിവാണ്. പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുൻവശം അഞ്ചൽ റോഡിനോട് ചേർന്നു ചെടികൾ നട്ടുവളർത്താൻ തയാറാക്കിയ ഇടവും കാടുമൂടി കിടക്കുന്നു. മുമ്പ് നട്ടുപടിപ്പിച്ച ചെടികൾ സംരക്ഷണമില്ലാതെ ഉണങ്ങിയതോടെ കാടുകയറുകയായിരുന്നു. ഡിപ്പോയുടെ നവീകരണത്തിനും യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും വിവിധ ഏജൻസികളുടെ ഫണ്ട് വൻതുക ചെലവിടാറുണ്ടെങ്കിലും തുടർ പരിപാലനമില്ലാതെ ഇതെല്ലാം പ്രയോജനമില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.