ദേശീയപാതയിൽ ഉറുകുന്ന് മുസ്‌ലിയാർ പാടത്തിന് സമീപം

മൂന്ന് വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ച പിക്-അപ് പാടത്തേക്ക് മറിഞ്ഞ നിലയിൽ

മരണത്തിലും വിധി അവരെ ഒന്നിച്ചാക്കി

പുനലൂർ: ഒന്നിച്ച്​ കളിച്ചുവളർന്ന മിടുക്കികൾ, കളിക്കൂട്ടുകാർ... വിധി മരണത്തിലും അവരെ ഒന്നിച്ചാക്കി. അലക്സി​െൻറയും സിന്ധുവി​െൻറയും മക്കളായ ശാലിനിയും ശ്രുതിയും അയൽവാസി കുഞ്ഞുമോെൻറയും സുജയുടെയും മകൾ കെസിയയും ചെറുപ്പം മുതലേ ഒന്നിച്ചായിരുന്നു. അയൽവീടുകളിൽ പോകുകയും കൂട്ടുകൂടുകയും ചെയ്യുന്നവർ. ഉറുകുന്ന് എം.എൻ ജങ്ഷനിൽ സിന്ധുവിന് ചായക്കടയുണ്ട്. അതിൽനിന്നുള്ള വരുമാനത്തിലാണിവർ കഴിയുന്നത്. അലക്സ് (സന്തോഷ്) തെരഞ്ഞെടുപ്പ്​ പ്രചാരണവുമായി സജീവമായിരുന്നു. ഉച്ചകഴിഞ്ഞ് അമ്മയെ കാണാൻ കടയിലേക്ക് പുറപ്പെട്ട ഇരുവർക്കുമൊപ്പം കെസിയയും കൂടി. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പിക് -അപ് കുട്ടികളെ ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നു. വലിയ ശബ്​ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടികളെയാണ്. ഉടൻ വാഹനത്തിൽ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, മരണവാർത്തയാണ് പിന്നീടെത്തുന്നത്. ദുരന്തത്തിെൻറ വ്യാപ്തിയറിയുന്നതും അപ്പോഴാണ്. ലോറിയുടെ അമിതവേഗമാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

മക്കളെ കാത്തിരുന്ന അമ്മക്ക് മുന്നിലെത്തിയത് ദുരന്തവാർത്ത

ചായക്കടയിലേക്ക് മക്കളെത്തുന്നത് കാത്തിരുന്ന സിന്ധുവിന് മുന്നിലേക്കെത്തിയത് ദുരന്ത വാർത്ത. നിനച്ചിരിക്കാതെയുണ്ടായ അപകടത്തിൽ രണ്ടുമക്കളും നഷ്​ടപ്പെട്ട കുടുംബത്തിെൻറ ദുഃഖം നാടിെൻറ തോരാകണ്ണീരായി. കടയുടെ അമ്പതുമീറ്റർ അകലെവെച്ചാണ് അപകടമുണ്ടായത്. ഓടിയെത്തിയ ഓട്ടോക്കാരാണ് അപകടവിവരം സിന്ധുവിനെ അറിയിച്ചത്. അവർ എത്തുമ്പോഴേക്കും പരിക്കേറ്റ കുട്ടികളെ വാഹനത്തിലേക്ക് കയറ്റിയിരുന്നു.

വൈകാതെതന്നെ മരണവാർത്തയുമെത്തി. ബോധരഹിതയായ സിന്ധുവിനെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാടിനെ കണ്ണീരിലാക്കിയ ദുരന്തം

അപകടമറിഞ്ഞ് നാടൊന്നാകെ ഉറുകുന്നിലേക്ക് പാഞ്ഞെത്തി. എൻ.ഡി.എ സ്ഥാനാർഥിയായ ശാലിനിയുടെയും ശ്രുതിയുടെയും പിതാവ് അലക്സ്​ പ്രചാരണത്തി​നിടെ ദുരന്തവാർത്തയറിഞ്ഞ്​ ഓടിയെത്തിയപ്പോഴേക്കും മരണം മക്കളെ കവർന്നിരുന്നു. ജനപ്രതിനിധികളും പൊതുപ്രവർത്തകരും അപകടവിവരമറിഞ്ഞ് പ്രചാരണം നിർത്തി ഇവിടേക്കെത്തി. മാതാപിതാക്കളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ദുഃഖത്തിലായി ബന്ധുക്കളും നാട്ടുകാരും. കെസിയയുടെ പിതാവ് കുഞ്ഞുമോനെ മകളുടെ മരണം തീർത്തും തളർത്തി. ഭാര്യ സുജ ഗൾഫിലാണ്. ടിസനാണ് സഹോദരൻ. സുജയെ വിവരമറിയിച്ചിട്ടുണ്ട്. സംസ്കാരവും മറ്റും അവർ നാട്ടിലെത്തിയശേഷമാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.