പുനലൂർ: അറ്റകുറ്റപ്പണി പൂർത്തിയാക്കിയ, സംരക്ഷിത സ്മാരകമായ തൂക്കുപാലം സഞ്ചാരികൾക്കായി ബുധനാഴ്ച തുറക്കും. രാജ്യത്തെ പഴക്കമുള്ള രണ്ടാമത്തേതും കിഴക്കൻ മേഖലയിലെ പ്രധാന കാഴ്ച കേന്ദ്രവുമായ തൂക്കുപാലം നവീകരണം 2022 നവംബറിലാണ് ആരംഭിച്ചത്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചുമതലയിലുള്ള ഈ പാലം 28 ലക്ഷം രൂപ മുടക്കിയാണ് ആകർഷണീയമാക്കിയത്.
അഞ്ച് വർഷം മുമ്പ് നവീകരണം നടത്തിയശേഷമുണ്ടായ കേടുപാടുകൾ തീർത്തു. പാലകത്തിന്റെ ഉപരിതലത്തിൽ പാകിയിരുന്ന കമ്പക പലകളിൽ കേടുപാടുകൾ വന്നത് മാറ്റി സ്ഥാപിച്ച് കശുവണ്ടി ഓയിൽ അടിച്ച് ബലവത്താക്കി. ചങ്ങലകളിലെയും ഗർഡറുകളിലെയും തുരുമ്പ് നീക്കി പച്ചച്ചായം പൂശി. ചങ്ങലകൾ ബന്ധിപ്പിച്ചിരിക്കുന്ന ഇരുവശത്തുമുള്ള കിണറുകളും വൃത്തിയാക്കി. ഇടിഞ്ഞുകിടന്ന വശങ്ങളിലെ കരിങ്കൽകെട്ടുകളും പുനർനിർമിച്ചു. ആർച്ചുകളിലെ പാഴ്മരങ്ങൾ നിക്കി. സഞ്ചാരികൾക്ക് കുടുതൽ ഇരിപ്പിടവും സജ്ജീകരിച്ചു.
കൂടുതൽ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലൈറ്റിങ്, ഗാർഡൻ തുടങ്ങിയവ ഇനി സ്ഥാപിക്കേണ്ടതുണ്ട്. പുനലൂർ ടൗണിലൂടെയുള്ള കല്ലടയാറിന് കുറുകെ 1872ൽ സ്ക്വാട്ട്ലൻഡുകാരനായ ബാർട്ടർ ധ്വര എന്ന ആൽബർട്ട് ഹെൻറിയുടെ മേൽനോട്ടത്തിലാണ് തൂക്കുപാലം നിർമിച്ചത്. ദേശീയപാതയും പട്ടണത്തിലെ വലിയ പാലവും വരുന്നതിന് മുമ്പ് കിഴക്കൻ മലയോരമേഖലയെ ആറ്റിന് മറുകരയിലുള്ള പ്രദേശത്തെ ബന്ധിപ്പിച്ചിരുന്നത് തൂക്കുപാലമായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് രണ്ടരക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ പാലം തുറന്നുകൊടുക്കും. പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷതവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.