പുനലൂർ: നമ്പർ ഘടിപ്പിക്കാത്ത സ്കൂട്ടറിൽ സ്ഥിരമായി നഗരത്തിൽ റേസിങ് നടത്തുകയും സ്കൂളുകൾക്ക് മുന്നിൽ ശല്യക്കാരാകുകയും ചെയ്യുന്ന മൂന്ന് പ്ലസ് ടു വിദ്യാർഥികളെ പുനലൂർ പൊലീസ് പിടികൂടി. ഇവർ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു. കാര്യറ സ്വദേശികളായ മൂന്ന് വിദ്യാർഥികളാണ് രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിൽ പൊലീസ് പിടിയിലായത്. നമ്പരില്ലാത്ത സ്കൂട്ടറിൽ മൂന്നുപേർ നഗരത്തിൽ റേസിങ് നടത്തുന്നതായും നഗരത്തിലെ പ്രധാന സ്കൂളുകൾ വിടുന്ന സമയങ്ങളിൽ പെൺകുട്ടികളെ ശല്യംചെയ്യുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഈ വാഹനത്തെക്കുറിച്ച് അന്വേഷിച്ചുവരവേ മൂവരും പൊലീസിന് മുന്നിൽപെട്ടെങ്കിലും കൂക്കിവിളിച്ച് വാഹനങ്ങൾക്കിടയിൽ കൂടി ഓടിച്ചു രക്ഷപ്പെടുകയായിരുന്നു. വാഹനം യമഹ റേ ആണെന്ന് മനസ്സിലാക്കിയ പൊലീസ് പ്രദേശത്തുള്ള ഇൗ വിഭാഗത്തിലെ സ്കൂട്ടറുകളുടെ വിവരം ശേഖരിക്കാൻ തുടങ്ങി. ഇതിനിടയിൽ നമ്പറില്ലാത്ത കറുത്ത സ്കൂട്ടറിനെ കുറിച്ച് കാര്യറ ഭാഗത്തുനിന്നും പരാതികൾ പൊലീസിന് ലഭിച്ചു. നഗരത്തിൽ വിലസുന്നവർ തന്നെയാണ് കാര്യറയിലും വിലസുന്നതെന്ന് മനസ്സിലാക്കി ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികൾ കുടുങ്ങിയത്. റോഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസിന് ഇവരുടെ ചിത്രം കിട്ടിയതാണ് തിരിച്ചറിയാൻ സഹായകരമായത്.
മൂവരിൽ ഒരാളുടെ മാതാവിെൻറ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്കൂട്ടർ പൊലീസ് പിടിച്ചെടുത്തു. പ്ലസ് ടു വിദ്യാർഥികളായ ഇവർ മറ്റൊരു വാഹനത്തിെൻറ നമ്പർ ഫിറ്റ് ചെയ്തും ഈ വാഹനം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. കൂടാതെ രജിസ്ട്രേഷൻ രേഖകളിൽ ചുവപ്പ് നിറമുള്ള സ്കൂട്ടർ നിറംമാറ്റി കറുപ്പാക്കി. വാഹനത്തിെൻറ കമ്പനിയുടെ പേരോ മോഡലോ തിരിച്ചറിയാതിരിക്കാനായി അവയെല്ലാം ഇളക്കി മാറ്റിയുമാണ് ഇവർ വാഹനം ഉപയോഗിച്ചിരുന്നത്. വാഹനം ഏതാണെന്ന് ഒരുതരത്തിലും തിരിച്ചറിയാതിരിക്കാനായി പിൻഭാഗത്ത് രൂപമാറ്റവും വരുത്തിയിരുന്നു. വാഹനം കോടതിക്ക് കൈമാറി. വാഹനത്തിെൻറ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉടമയായ മാതാവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പുനലൂർ എസ്.ഐ ശരലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.