പുനലൂർ: കല്ലട ജലസേചന പദ്ധതിയുടെ വലത്-ഇടത് കനാലുകൾ കാടുമൂടി, മാലിന്യം തള്ളൽ വ്യാപകം. വീടുകളിലെയും കടകളിലെയും മാംസാവശിഷ്ടം ഉൾപ്പെടെ കനാലുകളിലും പരിസരത്തും തള്ളുകയാണ്. കെട്ടികിടക്കുന്ന വെള്ളത്തിൽ ഇവ ദുഷിച്ച് ദുർഗന്ധത്തിന് കാരണമാകുന്നു. കൂടാതെ കൊതുകൾ പെരുകുന്നതിനും ഇടയാക്കുന്നു.
കാടും മാലിന്യവും കാരണം കനാൽ തീരത്ത് താമസിക്കുന്ന കുടുംബങ്ങൾ ദുരിതത്തിലാണ്. തെന്മല പഞ്ചായത്തിൽ ഉറുകുന്ന്, ഇടമൺ, ഉപ്പുകുഴി, ചാലിയക്കര തുടങ്ങിയ ഭാഗങ്ങളിലാണ് ജനങ്ങൾ ബുദ്ധിമുട്ടുന്നത്. ജനവാസ മേഖലയിലൂടെ കനാൽ കടന്നുപോകുന്ന ഭാഗങ്ങൾ ഉൾപ്പെടെ ഇരുവശവും കാടുകയറി റോഡിലും പരിസര പുരയിടങ്ങളിലും പടർന്നു കിടക്കുകയാണ്. ഇവിടെ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. മുമ്പൊക്കെ കനാലിൽ വെള്ളം തുറന്നു വിടുന്നതിന് മുമ്പ് ഉൾവശം വൃത്തിയാക്കാറുണ്ടായിരുന്നു.
അടുത്ത കാലത്തായി ഫണ്ടില്ലെന്ന് പറഞ്ഞ് കെ.ഐ.പി കനാലുകൾ വൃത്തിയാക്കാറില്ല. ജനങ്ങൾ നേരിടുന്ന ദുരിതം കണക്കിലെടുത്ത് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിലുറപ്പുകാരെ ഉപയോഗിച്ച് കനാൽ പരിസരങ്ങൾ വൃത്തിയാക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.