പുനലൂർ: ചെങ്കോട്ട-അച്ചൻകോവിൽ കാനന പാത നവീകരിക്കാൻ ഒരു വർഷം മുമ്പ് ഇറക്കിയ മെറ്റലും ചിപ്സും പാതയിൽ നിരന്നത് ശബരിമല തീർഥാടകരെ ദുരിതത്തിലാക്കുന്നു. അച്ചൻകോവിൽ ശാസ്താക്ഷേത്രം ദർശനത്തിനായി മണ്ഡലകാലത്ത് ദിവസവും നൂറുകണക്കിന് അയ്യപ്പന്മാരാണ് തമിഴ്നാട്ടിൽ നിന്നടക്കം ഈ പാതയിലൂടെ വരുന്നത്. കോന്നിയിൽനിന്ന് വന്നുപോകുന്ന തീർഥാടകരുടെയും എളുപ്പമാർഗമാണിത്.
പൊതുമരാമത്തിന്‍റെ നിയന്ത്രണത്തിലുള്ള 13 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് മൂന്നുവർഷമായി തകർന്നു കിടക്കുകയാണ്. ഇതിനെതിരെ പരാതി ഉയർന്നതോടെ നന്നാക്കാൻ കരാർ നൽകി 13 മാസം മുമ്പ് പാതയോരത്ത് പലയിടങ്ങളിലായി മെറ്റൽ ഉൾപ്പെടെ ഇറക്കി. എന്നാൽ, ടാറിങ് തുടങ്ങാത്തതിനാൽ മെറ്റൽ പാതയിൽ ഉടനീളം നിരന്നു. ഇതോടെ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. ആനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പാതയാണിത്. ഇരുചക്ര വാഹനങ്ങൾ ഇവിടങ്ങളിൽ നിരങ്ങി മറിയുന്നതും പതിവാണ്.
പാതയുടെ അപകടാവസ്ഥയെക്കുറിച്ച് ആക്ഷേപം ഉയർന്നതോടെ കഴിഞ്ഞദിവസങ്ങളിൽ പേരിന് വേണ്ടി കുഴിയടച്ചെങ്കിലും ശാശ്വതമല്ല. എസ്റ്റേറ്റിമേറ്റ് തയാറാക്കിയതിലെ പിഴവ് കാരണമാണ് ടാറിങ് വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.