പുനലൂർ: നഗരസഭയുടെ ഓണം ഫെസ്റ്റിൽ വിൽക്കുന്ന വ്യാജ ടിക്കറ്റിലൂടെ വൻ തോതിൽ നികുതി വെട്ടിക്കുന്നെന്നാരോപിച്ച് പ്രതിഷേധവുമായി നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ. നഗരസഭയുടെ റവന്യൂ വിഭാഗം സീൽ ചെയ്ത ടിക്കറ്റുകളല്ല വിതരണം ചെയ്യുന്നതെന്നും വിനോദ നികുതിയിനത്തിൽ വലിയ തോതിൽ നഷ്ടമുണ്ടാകുന്നെന്നുമാരോപിച്ച് ബുധനാഴ്ച കൗൺസിലർമാർ ചെമ്മന്തൂരിൽ ഫെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ പ്രതിഷേധവുമായെത്തി. ആഗസ്റ്റ് 24ന് തുടങ്ങിയ ഫെസ്റ്റ് ഈ മാസം 15 വരെയാണ്. വ്യാപാര വിപണന മേള, വിവിധയിനം റൈഡുകൾ, കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ദിവസവും ആയിരക്കണക്കിനാളുകളാണ് ഇവിടം സന്ദർശിക്കുന്നത്. പ്രവേശന ഫീസ് കൂടാതെ, ഓരോ റൈഡിനും പ്രത്യേകം ടിക്കറ്റെടുക്കണം.
എല്ലാ ടിക്കറ്റിനും 49 ശതമാനം വരെ നഗരസഭക്ക് വിനോദ നികുതിയായി ഈടാക്കാം. നഗരസഭ വിനോദ നികുതി വാങ്ങുന്നത് സംബന്ധിച്ച വിഷയം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തപ്പോൾ 24 ശതമാനമായി കൗൺസിൽ നിജപ്പെടുത്തി. ഇതിനെ തുടർന്ന് കൗൺസിൽ തീരുമാനമെടുത്തെങ്കിലും ഇപ്പോൾ വിനോദ നികുതി വാങ്ങാതെ വ്യാജ ടിക്കറ്റ് വിതരണം ചെയ്യുന്നതിന് നഗരസഭ ഭരണ നേതൃത്വം ആവശ്യമായ ഒത്താശ ചെയ്യുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.
ഫെസ്റ്റ് സംഘാടനത്തിൽ നഗരസഭയുടെ ഭരണ നേതൃത്വം ഒളിച്ചു പിടിച്ച് കാര്യങ്ങൾ ചെയ്തതായും സംഘാടനത്തിനായി രൂപവത്കരിച്ച സബ്കമ്മിറ്റി യോഗം ചേരാതെ തീരുമാനങ്ങൾ കൈക്കൊണ്ടതായും പ്രതിപക്ഷമാരോപിച്ചു. ഓണം ഫെസ്റ്റിന്റെ ഭാഗമായി തൂക്കുപാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചതിലും ക്രമക്കേടുകളുണ്ടെന്നുമാരോപിച്ചു. തൂക്കുപാലത്തിൽ സ്ഥാപിച്ച ലൈറ്റുകളിൽ തമിഴ്നാട്ടിലെ ക്ഷേത്ര ഉത്സവത്തിന് അലങ്കരിക്കുന്ന തരത്തിൽ തൂക്കുപാലത്തെ അപമാനിച്ചു.
ലൈറ്റിടുന്നതിലേക്കായി പുനലൂർ പട്ടണത്തിൽ വ്യാപകമായ തോതിൽ പണപ്പിരിവ് നടത്തിയിട്ടുള്ളതായി അതിന്റെ വരവുചെലവ് കണക്കുകൾ പ്രസിദ്ധപ്പെടുത്തണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, എൻ. സുന്ദരേശൻ, സാബു അലക്സ്, കെ. കനകമ്മ, എം.പി. റഷീദ് കുട്ടി, എസ്. പൊടിയൻ പിള്ള, കെ. ബിജു, കെ.എൻ. ബിപിൻകുമാർ, ജ്യോതി സന്തോഷ്, റംലത്ത് സഫീർ, ഷഫീല ഷാജഹാൻ, സജി ജോർജ്, വിളയിൽ സഫീർ, അബ്ദുൽ റഹീം എന്നിവർ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.