പുനലൂർ: നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട യുവാവിനെ രണ്ടാം തവണയും കാപ്പ നിയമ പ്രകാരം പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ശിവൻകോവിൽ ഷാഹിദ മൻസിലിൽ ടി. നിസാം (30) ആണ് പിടിയിലായത്.
പുനലൂർ, ഏരൂർ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, സ്ത്രീകളെ ആക്ഷേപിക്കൽ തുടങ്ങി വിവിധ കേസുകളിലെ പ്രതിയാണ് ഇയാൾ. പുനലൂർ പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ പാർപ്പിച്ചിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം ഏരൂർ സ്റ്റേഷൻ പരിധിയിൽ വിളക്കുപാറ അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് അടിപിടി ഉണ്ടാക്കി ഒരാളുടെ തല അടിച്ചു പൊട്ടിച്ചിരുന്നു.
ഈ സംഭവത്തിന് ഏരൂർ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റൂറൽ ജില്ല പൊലീസ് മേധാവി ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിന് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കി കലക്ടർക്ക് കൈമാറി.
റിപ്പോർട്ട് അംഗീകരിച്ച കലക്ടർ ഇയാളുടെ കാപ്പ അംഗീകരിച്ച് തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. പുനലൂർ ഡിവൈ.എസ്.പി വിനോദിന്റെ നിർദേശാനുസരണം ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ. ഹരീഷ്, സി.പി.ഒ മാരായ ഷിജുകുമാർ രാകേഷ് ബാബു, ഗിരീഷ് എന്നിവരുടെ സംഘം ഇയാളെ അറസ്റ്റ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.