പുനലൂർ: വിശ്രമത്തിനും കല്ലടയാറ്റിന്റെയും തൂക്കുപാലത്തിന്റെയും സൗന്ദര്യം നുകരാനും പട്ടണമധ്യേ നിർമിച്ച പാർക്ക് കാടുമൂടി ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി. പാർക്കിൽനിന്നു പാമ്പുകളടക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് കടക്കുന്നത് പലപ്പോഴും ജീവനക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇവിടുള്ള കടക്കാരും ഭീഷണിയിലാണ്.
ബസ് സ്റ്റേഷന്റെ പിറകിലായി കല്ലടയാറിന്റെ തീരത്താണ് നാലുവർഷം മുമ്പ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പാർക്ക് 25 ലക്ഷം രൂപ ചെലവിൽ നിർമാണം തുടങ്ങിയത്. ഏകദേശം പണികൾ പൂർത്തിയാക്കിയെങ്കിലും പാർക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തിട്ടില്ല. പാർക്കും നടപ്പാതയുമെല്ലാം പൂർണമായും വള്ളിച്ചെടികളും മുൾച്ചെടികളും പടർന്ന് ഉപയോഗിക്കാൻ പറ്റാത്ത നിലയിലായി. തീരത്തുള്ള ഇരിപ്പിടവും കാടുമൂടിയതിനാൽ ഇഴ ജന്തുക്കളുടെ കേന്ദ്രമാണ്.
ഇവിടെ നിർമിച്ചിരിക്കുന്ന വിശ്രമകേന്ദ്രം ലഹരി ലോബികളുടെ കേന്ദ്രമായി. ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം തമ്മിലടിയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പതിവാണ്. പാർക്കിനോട് അനുബന്ധിച്ച് മൂർത്തിക്കാവ് വരെ ആറ്റിന്റെ തീരത്ത് കൂടി നടപ്പാതയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തി സഞ്ചാരികൾക്ക് മതിയായ സൗകര്യങ്ങളൊരുക്കുമെന്ന് നഗരസഭ ഏറെക്കാലമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. പാർക്കിലെ കാട് നീക്കം ചെയ്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് കൂടി സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.