പുനലൂർ: നഗരസഭയിലെ ആരോഗ്യവിഭാഗം മേധാവി ബി.ടി. സുരേഷ് കുമാറിനെ ചെയർപേഴ്സൺ ബി. സുജാത സസ്പെൻഡ് ചെയ്തു. പകരം ചുമതല ഹെൽത്ത് ഇൻസ്പെക്ടർ അരുണിന് നൽകി. പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങൽ പദ്ധതി നടത്തിപ്പിൽ വീഴ്ച ആരോപിച്ചാണ് ആരോഗ്യവിഭാഗം മേധാവിക്കെതിരെ നടപടിയെടുത്തത്.
പദ്ധതി നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ചെയർപേഴ്സൺ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
കഴിഞ്ഞ 17ന് ചെയർപേഴ്സന്റെ ചേംബറിൽ പദ്ധതി നടപ്പാക്കുന്നതിന്റെ പുരോഗതി ചർച്ച ചെയ്യവെ, ആരോഗ്യവിഭാഗം മേധാവിയെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കഴുത്തിന് പിടിച്ചതായി ആരോപിച്ച് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. കുഴഞ്ഞുവീണ ഉദ്യോഗസ്ഥനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭൂരഹിതരായ 27 കുടുംബങ്ങൾക്ക് മൂന്ന് സെന്റ് ഭൂമി വീതം വാങ്ങിക്കാനുള്ള പദ്ധതിയാണ് എങ്ങുമെത്താതുള്ളത്. ഭൂമി വാങ്ങാൽ അടക്കം പട്ടികജാതിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് 78 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. മാർച്ച് 31 നകം ചെലവഴിച്ചില്ലെങ്കിൽ പദ്ധതി തുക നഷ്ടമാകും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടി പുരോഗമിക്കുന്നതായും നഗരസഭ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.