പുനലൂർ: തെന്മല പരപ്പാർ ഡാമിൽ (കല്ലട ഡാം) ജലനിരപ്പ് ക്രമീകരണത്തിനായി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി. 115.82 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് 113.09 മീറ്റർ വെള്ളമെത്തി. രാവിലെ 11ന് ഒാരോ ഷട്ടറും അഞ്ച് സെൻറിമീറ്റർ വീതമാണ് കൂടുതൽ ഉയർത്തിയത്. ഇപ്പോൾ മൂന്ന് ഷട്ടറിലൂടെ 1.05 മീറ്റർ വെള്ളം പുറത്തേക്കൊഴുക്കുന്നു.
കഴിഞ്ഞ ദിവസം വെള്ളത്തിന്റെ അളവ് 111.63ൽ എത്തി. ഡാമിലെ കൂടുതൽ വെള്ളം എത്തിയതോടെ കല്ലടയാറ്റിൽ 60 സെൻറീമീറ്റർ വരെ ജലനിരപ്പ് കൂടി. പുനലൂർ പട്ടണത്തിലെ സ്നാനഘട്ടം, വിശ്രമ കേന്ദ്രം എന്നിവിടങ്ങളിൽ വെള്ളം കയറി. മറ്റ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനിടയുള്ളതിനാൽ തീരത്തുള്ളവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ഡാമിന്റെ സുരക്ഷ ചട്ടപ്രകാരം ഒക്ടോബർ ഒന്നിന് 111.30 മീറ്ററും 21ന് 113.14 മീറ്റർ വെള്ളവുമാണ് സംഭരിക്കാൻ അനുവാദമുള്ളത്.
കഴിഞ്ഞ മൂന്നിന് മൂന്ന് ഷട്ടറുകളും 30 ഉയർത്തിയത് പിന്നീട് പടിപടിയായി 90 സെന്റീമീറ്ററാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയായിരുന്നു. മൊത്തം സംഭരണ ശേഷിയുടെ 85 ശതമാനത്തോളം വെള്ളം ഇപ്പോഴുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മഴ ദുർബലമായിരുന്നു. ഇനിയും മഴ ശക്തമായാൽ മാത്രമേ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ടി വരുകയുള്ളൂവെന്ന് കെ.ഐ.പി അസി.എക്സികൂട്ടിവ് എൻജിനീയർ കെ.എം. മണിലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.