പുനലൂർ: ശബരിമല തീർഥാടകരുടെ പ്രധാന വിശ്രമ കേന്ദ്രമായ മുക്കടവിൽ ഇത്തവണയും മതിയായ സൗകര്യം ഒരുക്കിയില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങൾ ഭൂരിഭാഗവും ചെറുകിട കച്ചവടക്കാർ കൈക്കലാക്കി, ശേഷിക്കുന്നത് കാടുമൂടി. പാറ ഉൾപ്പെടെ നിർമാണ സാമഗ്രികളും പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു.
കിഴക്കൻ മേഖല വഴി വന്നുപോകുന്ന അന്തർ സംസ്ഥാന തീർഥാടകർ വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾക്കും ഇറങ്ങുന്ന പ്രധാന സ്ഥലമാണ് പുനലൂർ- മുവാറ്റുപുഴ സംസ്ഥാന ഹൈവേയിലെ മുക്കടവ് ആറ്റുതീരം. ആറിന്റെ രണ്ടു കടവുകളിലായി പിറവന്തൂർ പഞ്ചായത്തും ജില്ല പഞ്ചായത്തും മുമ്പ് കുളിക്കടവ് ഒരുക്കിയിരുന്നു.
ആറ്റിലേക്ക് ഇറങ്ങാൻ പാകത്തിൽ പടികെട്ടുകളും മറ്റ് സുരക്ഷ വേലിയും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ശുചിമുറി സൗകര്യം ഇല്ലാത്തതിനാൽ പ്രാഥമിക കൃത്യത്തിന് ആറ്റു തീരമാണ് ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കാനും തീർഥാടകർക്ക് വിശ്രമിക്കാനുള്ള മതിയായ സൗകര്യം ഉൾപ്പടെ ഒരുക്കുമെന്ന് അധികൃതർ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നത് ഇത് വരെ യാഥാർഥ്യമായില്ല.
കെ.എസ്.ടി.പിയുടെ പാത നവീകരണവുമായി ബന്ധപ്പെട്ട് മുക്കടവിൽ തീർഥാടകർക്ക് മതിയായ സൗകര്യം ഒരുക്കുമെന്നായിരുന്നു വാഗ്ദാനം. വാഹനപാർക്കിങ്ങും ശുചിമുറി സൗകര്യവും ഡോർമെറ്ററിയും ഉൾപ്പടെയാണ് മുമ്പ് പറഞ്ഞിരുന്നത്. പാതയുടെ നവീകരണം പൂർത്തിയായിട്ടും തീർഥാടകർക്കുള്ള സൗകര്യത്തെ കുറിച്ച് പൊതുമരാമത്ത് അടക്കം അധികൃതർക്ക് മിണ്ടാട്ടമില്ല.
കുളിക്കടവ് പൂർണമായി കാടുമൂടി. പാതയിലെ ഗാതാഗതത്തെ ബാധിക്കാതെ തീർഥാടകരുടെ വാഹനം പാർക്കു ചെയ്യുന്നതിനും ഇനി ബുദ്ധിമുട്ടാണ്. എത്ര വാഹനങ്ങൾ വേണമെങ്കിലും പാർക്ക് ചെയ്യാനുള്ള സ്ഥല സൗകര്യം ഇവിടുണ്ട്. ഈ സ്ഥലത്ത് കെ.എസ്.ടി.പി അധികൃതർ മരംവെച്ചുപിടിപ്പിച്ചു. ശേഷിക്കുന്ന ഭാഗങ്ങളിൽ സീസൺ മുന്നിൽ കണ്ട് നിരവധിയായി താൽക്കാലിക കടകളും സ്ഥാപിച്ചു.
ഇതിലുപരി പാതയുടെ വീതി കൂട്ടാനായി ഇരുവശത്തേയും കുന്നുകൾ അശാസ്ത്രീയമായി ഇടിച്ചതുകാരണം വലിയ അപകടഭീഷണിയും നിലനിൽക്കുന്നു. നിരവധി പരാതി പരിസരവാസികൾ ഉൾപ്പെടെ പൊതുമരാമത്ത് മന്ത്രിയുടേയും പത്തനാപുരം, പുനലൂർ എം.എൽ.എമാർ ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സുരക്ഷ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. കനത്ത മഴയിൽ ഇവിടെ കുന്നിടിഞ്ഞ് കുളിക്കടവിനോട് ചേർന്നുള്ള പാതയിൽ വീണ് അപകടം ഉണ്ടാകുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.