പുനലൂർ: 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ മൂന്നു പേരെ കൊല്ലം റൂറൽ ഡാൻസാഫ് ടീമും പുനലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പുനലൂർ സ്വദേശികളായ യുവാക്കളാണ് പൊലീസ് പിടിയിലായത്. നിരവധി ക്രമിനൽ കേസുകളിലെ പ്രതിയും ജയിൽ മോചിതനുമായ യുവാവും സംഘത്തിലുണ്ട്. റൂറൽ എസ്.പി. കെ.എം. സാബു മാത്യുവിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുര്യോട്ടുമലയിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികൾ ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ജില്ലയിലെ വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് വിൽപന നടത്തുന്നതായി എസ്.പിക്ക് വിവരം ലഭിച്ചിരുന്നു. ഇവർ കുറെ ദിവസമായി ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവ് കുര്യോട്ടുമലയുള്ള വീട്ടിൽ വിൽപനക്കായ് വീതംവെക്കുന്ന സമയത്താണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്.
ഓടിരക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു. ഡാൻസാഫ് എസ്.ഐമാരായ കെ.എസ്. ദീപു, ബിജു ഹക്ക്, സി.പി.ഒമാരായ ടി. സജുമോൻ, പി.എസ്. അഭിലാഷ്, എസ്. ദിലീപ്, വിപിൻ ക്ലീറ്റസ്, പുനലൂർ എസ്.ഐമാരായ അനീഷ്, രാജശേഖരൻ, രാജേഷ്, സി.പി.ഒമാരായ ഗിരീഷ്, മനോജ്, ജയരാജ്, ബിനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.