പുനലൂർ: ജനവാസമേഖലയിൽ റോഡിലും ജലസ്രോതസ്സിലും കക്കൂസ് മാലിന്യം തള്ളി. നഗരസഭയിലെ കലങ്ങുംമുകൾ വാർഡിലെ പകിടി ഭാഗത്താണ് കഴിഞ്ഞദിവസം പുലർച്ച ദുർഗന്ധത്തോടെ വീടുകൾക്ക് മുന്നിൽ റോഡിലായി മാലിന്യം കണ്ടത്.
അർധരാത്രിയിൽ പ്രദേശത്തെ വീട്ടിൽ സെപ്റ്റിക്ക് ടാങ്ക് ശുചീകരണത്തിന് വന്ന കരാർ പണിക്കാരുടെ പമ്പുസെറ്റിന് വന്ന തകരാറുമൂലമാണ് കുറച്ചധികം മാലിന്യവും മലിനജലവും റോഡിലൂടെ ഒഴുകാൻ ഇടയായതെന്നാണ് കരുതിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ ജി. ജയപ്രകാശും നാട്ടുകാരും ചേർന്ന് ശുചീകരണ പ്രവർത്തനം നടത്തി.
പുനലൂർ ഫയർഫോഴ്സ് സംഘം റോഡ് കഴുകി വൃത്തിയാക്കി. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ ബ്ലീച്ചിങ് പൗഡറും ക്ലോറിനേഷനും നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടാങ്കറിൽ കൊണ്ടുപോയ മാലിന്യം സമീപത്തുള്ള തോട്ടിലേക്ക് ഒഴുക്കിക്കളഞ്ഞതായി മനസ്സിലായത്.
കൗൺസിലർ നൽകിയ പരാതിയെതുടർന്ന് പുനലൂർ പൊലീസും നഗരസഭയും അന്വേഷണം ആരംഭിച്ചു. റോഡിലും ജനങ്ങളുടെ കുടിവെള്ള സ്രോതസ്സിലും കക്കൂസ് മാലിന്യം തള്ളുന്നവരെ നിയമപരമായി നേരിടുമെന്ന് കൗൺസിലർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.