പുനലൂർ: രാത്രി കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് പോയ വ്യാപാരിയെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു. കൈക്കും മറ്റും സാരമായി പരിക്കേറ്റ ചാലിയക്കരയിലെ സ്റ്റേഷനറി വ്യാപാരി എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ വിഷ്ണുവിനെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി കലയനാട്- ചാലിയക്കര പാതയിൽ എൽ.സി.പിക്ക് അടുത്തുെവച്ചായിരുന്നു ആക്രമണം. കുട്ടികളുമൊത്ത് കൂട്ടമായിവന്ന പന്നികൾ ബൈക്കിന് കുറുകെ ചാടിയാണ് അപകടമുണ്ടായത്. പന്നിയെ ഇടിച്ച് ബൈക്ക് മറിയുകയും ചെയ്തു. പിന്നാലെ വന്ന മറ്റൊരു ബൈക്ക് യാത്രികനാണ് വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്.
പന്നിക്കൂട്ടത്തെ കണ്ടെത്തിയ ഭാഗത്ത് കഴിഞ്ഞ ആഴ്ചയിൽ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. മുമ്പും ഈ പാതയിൽ സമാനരീതിയിൽ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
ജനവാസമേഖലയിലിറങ്ങുന്ന പന്നിയടക്കം കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.