പുനലൂർ: അശാസ്ത്രീയമായി പൈപ്പിന് മുകളിൽ നിർമിച്ച വെഞ്ചേമ്പ് പാലം അപകടാവസ്ഥയിൽ. പ്രധാന റോഡായ മാത്ര കോക്കാട്- കൊട്ടാരക്കര റോഡിൽ വെഞ്ചേമ്പ് ജങ്ഷനിലാണ് തോടിന് കുറുകയുള്ള പാലം.
പുനലൂർ - തടിക്കാട് , കോക്കാട് - പുനലൂർ റോഡിന്റെ സംഗമ സ്ഥലവുമാണ് ഇവിടം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നാല് വർഷം മുമ്പ് അടുക്കളമൂല - തടിക്കാട് റോഡ് നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റൂട്ടിലെ പ്രധാന പാലമായ വെഞ്ചേമ്പ് പാലവും പുനർനിർമിച്ചത്.
പഴയ പാലം പൊളിച്ചു പുതിയത് പണിയേണ്ടതിന് പകരം തോട്ടിലെ വെള്ളം പോകാൻ മൂന്ന് പൈപ്പുകൾ പാകി മുകളിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ഇതിനെ നാട്ടുകാർ എതിർത്തെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരനും അവഗണിച്ചു. തോട്ടിൽ വെള്ളം നിറഞ്ഞതോടെ മണ്ണ് ഒലിച്ചു പോയി പൈപ്പുകൾ താഴ്ന്നു. റൂട്ടിലെ പ്രധാന ജങ്ഷനിലെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിന്റെ തകർച്ച ജനങ്ങളെ ആശങ്കയിലാക്കി.
പാലം അടിയന്തിരമായി പുനർനിർമിക്കാനാവശ്യപ്പെട്ട് നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടറി ജലീൽ പുനലൂർ പൊതുമരാമത്ത് മന്ത്രിക്കും പി.എസ്.സുപാൽ എം.എൽ.എക്കും വകുപ്പ് മേധാവികൾക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.