പുനലൂർ: അച്ചൻകോവിലിലെ പ്രധാന ജനവാസ മേഖലയായ കുഴിയിൽ ഭാഗത്ത് കാട്ടനയിറങ്ങി നാശം വരുത്തി. ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ സൗദാമിനിയുടെ വീടിന് പിറകിലാണ് ആദ്യം ഒറ്റയാനെ കണ്ടെത്തിയത്. ഭയപ്പാടിലായ ഇവർ ബഹളമുണ്ടാക്കിയതോടെ പരിസരവാസികളെത്തി ആനയെ വിരട്ടി കാട്ടിലേക്ക് ഓടിക്കുകയായിരുന്നു. ഈ ഭാഗത്തുള്ള പലരുടേയും കൃഷിയും വേലികളും ആന ചവിട്ടിനശിപ്പിച്ചു.
വിവരമറിഞ്ഞ് അച്ചൻകോവിൽ റേഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തി നാശങ്ങൾ തിട്ടപ്പെടുത്തി. ആദ്യമായാണ് ജങ്ഷനോട് ചേർന്നുള്ള ഈ ഭാഗത്ത് ആനയിറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പന്നിയടക്കം മറ്റു മൃഗങ്ങളും ജങ്ഷനിലും പരിസരത്തും പതിവായി ഇറങ്ങി കൃഷി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കാറുമുണ്ട്.
അടുത്തിടെ വീടിനുള്ളിൽ കയറി ഒരു സ്ത്രീ ഉൾപ്പടെ രണ്ടുപേരെ പന്നി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ആര്യങ്കാവ് പഞ്ചായത്ത് ഇടപെട്ട് രണ്ടു മാസംമുമ്പ് പത്ത് പന്നികളെ വെടിവെച്ച് കൊന്നിരുന്നു. തുടർനടപടിയില്ലാത്തതിനാൽ വീണ്ടും പന്നികളുടെ ശല്യം കൂടിയതായും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.