കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസ് പരവൂർ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സെബ ഉസ്മാനാണ് കേസ് കൊല്ലം സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. തൊണ്ടിമുതലുകൾ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതോടെ പ്രതികൾക്ക് സമൻസ് അയക്കുന്നതുൾപ്പെടെ നടപടിക്രമങ്ങൾ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കും.
പ്രതികൾക്ക് മുഴുവൻ കുറ്റപത്രം വിതരണം ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെ നടപടികൾ സെഷൻസ് കോടതി പരിശോധിക്കും. കേസിൽ ഹൈകോടതി അനുവദിച്ച ‘പുറ്റിങ്ങൽ വെടിക്കെട്ട് അപകട സ്പെഷൽ കോടതി’ ടി.എം. വർഗീസ് സ്മാരക ഓഡിറ്റോറിയം കാമ്പസിലെ പഴയ കെട്ടിടത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. കോടതി പ്രവർത്തിക്കാൻ ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഫണ്ട് കോർപറേഷനും ഹൈകോടതിയും ഉൾപ്പെടെ അനുവദിച്ചിട്ടുണ്ട്.
ഇത് ഉപയോഗിച്ച് കോടതി മുറിയും സൗകര്യങ്ങളും ഒരുക്കി മൂന്ന് മാസത്തിനകം പ്രത്യേക കോടതി പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റും. 110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ ക്രൈംബ്രാഞ്ച് എസ്.പി ശ്രീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രൈം ബ്രാഞ്ചിന്റെ 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടിമുതലുകളുമുള്ള കേസിൽ 51 പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് പെൻഡ്രൈവിലാക്കി നൽകി.
3,73,932 കടലാസ് പകർപ്പ് പ്രതികൾക്ക് നൽകി. 1,63,000 പേജുകൾ ബാഹുല്യമായ രേഖകൾ ആയതിനാൽ ഇതിന്റെ പകർപ്പ് പ്രതികൾക്ക് നൽകേണ്ടതില്ലെന്നും ഇവ അഭിഭാഷകരോ പ്രതികളോ കോടതി ഓഫിസിൽനിന്ന് പരിശോധിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രൈം ബ്രാഞ്ചിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.