കൊല്ലം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. തീരപ്രദേശത്തുനിന്ന് ഒക്ടോബര്‍ രണ്ടുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കടലില്പോയിട്ടുള്ളവര് എത്രയും വേഗം തിരികെ എത്തണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും മരങ്ങള്‍ നില്ക്കുന്നസ്ഥലത്തിന്റെ കൈവശക്കാരായ സര്‍ക്കാര്‍ വകുപ്പുകളും അടിയന്തര നടപടികള്‍ സ്വീകരിക്കണം.
ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഏതുനിമിഷവും വെള്ളത്തിനടിയിലാകാമെന്ന നിലയില്‍ കുളത്തൂപ്പുഴ അമ്പതേക്കര്‍ പാലം
കെട്ടിടങ്ങളുടെ മുകളിലും റോഡുകള്‍ക്കിരുവശവും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. .
ജില്ലയിലെ എല്ലാ സാമൂഹിക/പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ആറു താലൂക്കുകളിലും 100 കിലോ അരി, 50 കിലോ പയര്‍, 10 ലിറ്റര്‍ ഭക്ഷ്യ എണ്ണ, 75 ലിറ്റര്‍ മണ്ണെണ്ണ എന്നിവ ആവശ്യം വന്നാല്‍ ഉപയോഗിക്കാനായി കരുതിവെക്കേണ്ടത് ജില്ല സപ്ലൈ ഓഫിസറുടെ ചുമതലയാണ്.
ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി 12 കെ.എസ്.ആര്.ടി.സി ബസുകള്‍ സജ്ജമാക്കാനും നിർദേശിച്ചു. നദികളിലേയും കായലുകളിലേയും മറ്റു ജലാശയങ്ങളിലേയും ജലനിരപ്പ് ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ജലസേചന വകുപ്പ് എക്സിക്യുട്ടിവ് എൻജിനിയര്‍മാര്‍ സ്വീകരിക്കേണ്ടതാണ്. അവധി ദിവസങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ സ്റ്റേഷന്‍പരിധി വിട്ടുപോകാന്‍ പാടുള്ളതല്ല.
സുരക്ഷ നിർദേശങ്ങൾ
- എല്ലാ വിധത്തിലുമുള്ള ഖനന പ്രവര്‍ത്തനങ്ങളും ഓറഞ്ച് അലര്‍ട്ടുള്ള ദിവസങ്ങളില്‍ നിരോധിച്ചു.
- കിണറിനും നിർമാണത്തിനുമുള്ള കുഴിയെടുപ്പ്, മണ്ണെടുപ്പ് തുടങ്ങിയവ ജാഗ്രത മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നതുവരെ നിർത്തിവക്കണം.
- നദീതീരങ്ങളിലും പാലങ്ങളിലും വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലും കൂട്ടം കൂടി നില്ക്കുന്നതും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു.
- മലയോരമേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഓറഞ്ച് അലര്‍ട്ടുള്ള തീയതികളില്‍ വൈകീട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ നിയന്ത്രിക്കണം. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ മേഖലയിലൂടെ യാത്ര അനുവദിക്കില്ല.
- പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍തന്നെ കഴിയണം. പ്രളയ മേഖലയിലും, മണ്ണിടിച്ചില്‍ മേഖലയിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ബീച്ചുകളില്‍ ഇറങ്ങാനും പാടില്ല. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
- ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായും ഒഴിവാക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം.
- കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം.
- ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണം.
- അടിയന്തര സഹായത്തിനായി 1077 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.