കുണ്ടറ: മഴ ചെറുതായി ശമിച്ചെങ്കിലും കയറിയ വെള്ളം ഇറങ്ങിയില്ല. മൺറോതുരുത്തിൽ ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനിറങ്ങി. തുരുത്തിൽ മിക്ക വാർഡുകളും വെള്ളത്തിലായി. വീടുകളിൽ വ്യാപകമായി വെള്ളം കയറി.
കിഴക്കേ കല്ലട താഴം പ്രദേശങ്ങൾ വെള്ളത്തിലായി. കൊടുവിള എം.ജി.എൽ.പി.എസിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പേരയത്തും, കുണ്ടറയിലും, പെരിനാട്ടും, ഇളമ്പള്ളൂരിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയും പരിസരപ്രദേശങ്ങളും വെള്ളത്തിെൻറ പിടിയിൽ. പള്ളിക്കലാറും പാറ്റാലി തോടും തഴവയൽ തോടും കരകവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. 257 വീടുകളിൽ നിന്ന് 705 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലക്ക് മാറ്റി. കരുനാഗപ്പള്ളി താലൂക്കിെൻറ വിവിധ സ്ഥലങ്ങളിലായി ഏട്ട് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. നഗരസഭ പ്രദേശങ്ങളിലെ കരുനാഗപ്പള്ളി, അയണിവേലികുളങ്ങര, കല്ലേലിഭാഗം എന്നിവിടങ്ങളിൽ 64 കുടുംബങ്ങളിൽ നിന്നുള്ള 241 പേരെ കരുനാഗപ്പള്ളി ലോഡ്സ് എസ് സെൻട്രൽ സ്കൂളിൽ മാറ്റി.
ക്ലാപ്പനയിൽ വരവിള എൽ.പി സ്കൂളിൽ 42 കുടുംബങ്ങളിലെ 106 പേരെയും അരിനല്ലൂർ സെൻറ് ജോർജ് സ്കൂളിൽ 22 കുടുംബങ്ങളിലെ 37പേരെയും മൺറോതുരുത്ത് വില്ലേജിലെ 10 കുടുംബങ്ങളിൽ നിന്ന് 17 പേരെയും കല്ലേലിഭാഗം വില്ലേജിൽ എസ്.എൻ.ടി.ടി.ഐയിൽ 46 കുടുംബങ്ങളിലെ 143 പേരെയും തൊടിയൂർ വേങ്ങര എൽ.പി.എസിൽ 16 കുടുംബങ്ങളിലെ 30 പേരെയും പന്മന വലിയം സെൻട്രൽ സ്കൂളിൽ എട്ട് കുടുംബങ്ങളിലെ 15 പേരെയും തഴവ പാവുമ്പ അമൃത യു.പി സ്കൂളിൽ 42 കുടുംബങ്ങളിൽ നിന്നുള്ള 79 പേരെയും മാറ്റി പാർപ്പിച്ചു.കരുനാഗപ്പള്ളിയിൽ അഞ്ച് വീടുകൾ കൂടി ഭാഗികമായി തകർന്നു. ഒരു തൊഴുത്തും നിലം പൊത്തി. ഗ്രാമീണ റോഡുകൾ വെള്ളം കയറിയതിനാൽ മിക്ക സ്ഥലങ്ങളിലും ഗതാഗതം ദുരിതത്തിലായി.
പാവുമ്പാ ചുരുളി ഭാഗം, തൊടിയൂർ അരമത്ത് മഠം പ്രിയദർശനി കോളനി, പാറ്റോലി തോടിന് കരകളിൽ വീടുകളും വെള്ളത്തിെൻറ പിടിയിലായി. കുലശേഖരപുരം ആദിനാട് നാല് വീടുകൾ ഭാഗികമായി തകർന്നു.
ആദിനാട് അയ്യൻകോയിക്കൽ കിഴക്കതിൽ കൃഷ്ണപിള്ളയുടെ വീട്, മുല്ലശ്ശേരിൽ വിനോദ്, എ.എസ്. ഭവനം അയ്യപ്പൻ, കുറ്റീ പടിറ്റതിൽ ശാലിനി, പുത്തൻ കണ്ടത്തിൽ പാത്തുമ്മാ കുഞ്ഞ് എന്നിവരുടെ വീടുകൾ ഭാഗികമായും ചവറ പൂളിമൂട്ടിൽ രമാദേവിയുടെ തൊഴുത്ത് എന്നിവയാണ് മഴയിൽ തകർന്നത്.
കിഴക്കേ കല്ലട: പഞ്ചായത്തിലെ മൂന്നുമുക്ക് മുതൽ പള്ളിക്കവിള വരെയുള്ള പി.ഡബ്ലു. ഡി റോഡ് മഴ പെയ്താൽ തോടാകുകയാണ്. റോഡ് ശാസ്ത്രീയമായി പുനർ നിർമാണം നടത്തണമെന്ന് കൊല്ലം ജില്ല വികസന സമിതി അംഗം എബ്രഹാം സമുവലും ഗ്രാമപഞ്ചായത്ത് അംഗം എം. മായാദേവിയും ആവശ്യപ്പെട്ടു.
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ നൂറിലധികം വീടുകളിൽ വെള്ളം കയറുകയും പത്തോളം വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. താലൂക്കിലെ ഏഴു പഞ്ചായത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മഴക്കൊപ്പം പള്ളിക്കലാറും കല്ലടയാറും കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായി. കുന്നത്തൂർ, പടിഞ്ഞാറെ കല്ലട, ശൂരനാട് വടക്ക് പഞ്ചായത്തുകളിലാണ് കൂടുതൽ ദുരിതം വിതച്ചത്.
ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി, വയൽകോളനി, പാറക്കടവ്, ഇടപ്പനയം, പാതിരിക്കൽ, പടിഞ്ഞാറ്റ മുറി, നടുവിലെ മുറി, പടിഞ്ഞാറ്റം കിഴക്ക് തുടങ്ങിയ പ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ട് തുടരുകയാണ്. പടിഞ്ഞാറെ കല്ലട പഞ്ചായത്തിെൻറ താഴ്ന്ന പ്രദേശങ്ങളിലെല്ലാം പൂർണമായും വെള്ളം കയറി. താലൂക്കിലെ ഏലാകളെല്ലാം വെള്ളത്തിനടിയിലായതോടെ കൃഷികളെല്ലാം പൂർണമായും നശിച്ചു. താലൂക്കിലെ ഇരുന്നൂറ്റി അമ്പതോളം മത്സ്യകർഷകരുടെ മത്സ്യകൃഷിയും നശിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ മൂന്നും, ശൂരനാട് വടക്ക് രണ്ടും ശാസ്താംകോട്ട, മൈനാഗപ്പള്ളി, കുന്നത്തൂർ, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ ഒന്നുവീതം ദുരിതാശ്വാസ ക്യാമ്പുകളുമാണ് തുറന്നത്.
റീത്ത് പള്ളിക്ക് സമീപവും കാവര മുക്കിലും നിലമേൽ ജങ്ഷനിലും കൈലാത്ത് മുക്കിനു സമീപവും തേക്കടി ജങ്ഷനിലും വെള്ളം കെട്ടി നിൽക്കുന്നതിനാൽ ബസ് സർവിസുകൾ ഉൾപ്പെടെ മുടങ്ങുകയാണ്. കാൽനട യാത്രയും ദുഷ്കരമാണ്.
ശാസ്താംകോട്ട: കല്ലടയാറ്റിൽ ജലനിരപ്പുയർന്നതോടെ പടിഞ്ഞാറെ കല്ലട, കുന്നത്തൂർ ഭാഗങ്ങളിലെ ആറ്റുതീരത്തു താമസിക്കുന്നവർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം പുലർച്ചയോടെ തിരുവാറ്റ ഭാഗത്തെ ചീപ്പിെൻറ ഒരു പലക ഇളകിപ്പോയി. ഇതോടെ, ആറ്റിലെ വെള്ളം ഇരച്ചെത്തി. പടിഞ്ഞാറെകല്ലട പഞ്ചായത്ത് അധികൃതരും നാട്ടുകാരും സംഘടിച്ച് പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ച് പലക ഇളകിപ്പോയ ചീപ്പിെൻറ ഭാഗത്ത് അടുക്കി.
ഇതോടെ, വെള്ളമൊഴുക്ക് നിലച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി. ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം സുധീർ, ആർ.വൈ.എഫ് ജില്ല സെക്രട്ടറി സുഭാഷ് എസ് കല്ലട, ഡി.വൈ.എഫ്.ഐ സെക്രട്ടറി മഹേഷ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് നിധിൻ കല്ലട എന്നിവർ നേതൃത്വം നൽകി. പെരുവേലിക്കര ഭാഗത്ത് പണി പൂർത്തിയാക്കാത്ത കലുങ്കുകളിൽ കൂടി ആറ്റിലെ വെള്ളം ബണ്ട് റോഡിന് എതിർവശത്തേക്ക് വലിയ തോതിൽ ഒഴുകിയെത്തുന്നതും പ്രദേശവാസികളിൽ ആശങ്ക ഉയർത്തുന്നുണ്ട്.
ചവറ: തേവലക്കര പഞ്ചായത്തിലെ കല്ലുംമൂട് പ്രദേശത്ത് ബോട്ടുജെട്ടി അവസാനിക്കുന്നിടത്ത് കുന്നിടിഞ്ഞ് വീടിനു മുകളിലേക്കു വീണു. തിങ്കളാഴ്ച രാവിലെ ഉരുളന്‍ കല്ലുകളിളകി ഇറക്കത്ത് വീട്ടില്‍ പ്രസാദിെൻറ അടുക്കള വരെ വീണു. നാലുമാസം മുമ്പും ശക്തമായ മഴയില്‍ കുന്നിടിഞ്ഞ് അപകടമുണ്ടായിരുന്നു. റോഡ് കടന്നുപോകുന്നിടത്ത് കുന്നിടിഞ്ഞതിനാല്‍ പെരുങ്ങാലം ഭാഗത്തേക്കു പോകാനുള്ള യാത്രാമാര്‍ഗമില്ലാതായി.
സംഭവമറിഞ്ഞ് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എയും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കുന്നിടിഞ്ഞ സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജോസ് വിമല്‍രാജ് കലക്ടര്‍ക്ക് നിവേദനം നല്‍കി.
ശാസ്താംകോട്ട: കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി ഇടിഞ്ഞുവീണു. ശൂരനാട് പാറക്കടവിൽ പ്രവർത്തിക്കുന്ന സാദിഖ് കാഷ്യൂ ഫാക്ടറിയുടെ ചിമ്മിനിയാണ് കഴിഞ്ഞ ദിവസം പുലർച്ച ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസം ശൂരനാട് തെക്ക് തൊടിയൂർ പാലത്തിനു സമീപം ഒരു കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി ഇടിഞ്ഞുവീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.